ആന്ധ്രപ്രദേശ് സ്വദേശികളായ നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് മരിച്ചു. രണ്ട് മാസം മുൻപ് വിവാഹിതരായ കെ സിംഹാചലവും ഭാര്യ ഭവനിയുമാണ് മരിച്ചത്. വിജയവാഡയിലെ ബന്ധുക്കളെ കാണാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ഹൈദരാബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ വാതിലിന് സമീപം നിൽക്കെ അബദ്ധത്തിൽ താഴേക്ക് വീണ് നവദമ്പതികൾക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ മാന്യം ജില്ലയിലെ പാർവതീപുരത്തിനടുത്ത് രാവുപള്ളി ഗ്രാമത്തിൽ നിന്നുള്ള കെ സിംഹാചലം (25), ഭാര്യ ഭവനി (19) എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ഇവർ വിവാഹിതരായത്. വിജയവാഡയിലെ ബന്ധുക്കളെ കാണാൻ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

സെക്കന്ദരാബാദിൽ നിന്നാണ് ഇരുവരും ട്രെയിനിൽ കയറിയത്. വംഗപള്ളി, അലർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ വെച്ച് യാത്രക്കിടെ ഇവർ ട്രെയിനിൽ നിന്ന് വീണ് മരിച്ചുവെന്നാണ് വിവരം. ഇരുവരും ട്രെയിനിൻ്റെ വാതിലിന് സമീപം നിൽക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞത്.

ഹൈദരാബാദിലെ കെമിക്കൽ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു കെ സിംഹാചലം. ഗാന്ധിനഗറിന് സമീപം ജഗദ്‌ഗിരിഗട്ടയിലാണ് ഇവർ താമസിച്ചിരുന്നത്. പാളത്തിന് സമീപം മൃതദേഹങ്ങൾ കണ്ട ട്രാക്ക്‌മാൻ നൽകിയ വിവരം അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.