
അഹമ്മദാബാദ്: സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുംഭാനിയെ കാണാതായതായി റിപ്പോർട്ട്. ഇയാളുടെ പത്രിക തള്ളിയതിനെ തുടർന്നും സ്വതന്ത്ര സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതിനെ തുടർന്നും തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർഥി വിജയിച്ചിരുന്നു. നിലേഷ് കുംഭാനിയെ കാണാതായെന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുമാണ് റിപ്പോർട്ട്. ബിജെപിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കുംഭാനിയുടെ തിരോധാനം.
നാമനിർദേശ പത്രിക നൽകിയവരെല്ലാം പിൻവലിച്ചതിനാൽ ദലാലിൻ്റെ വിജയം പ്രഖ്യാപിച്ചത്. കുംഭാനിയുടെ അതേസമയം, കുംഭാനി ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. നാമനിർദേശ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളുടെ പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
നിലേഷ് കുംഭാനിക്കെതിരെ സൂറത്തിലെ വസതിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കുംഭാനിയെ ജനദ്രോഹിയെന്നും ജനാധിപത്യത്തിൻ്റെ ഘാതകനെന്നും വിശേഷിപ്പിച്ച് പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാനിയെ പിന്താങ്ങിയ മൂന്നു പേരും പിന്മാറി. തങ്ങളുടെ ഒപ്പ് വ്യാജമായി നിലേഷിന്റെ പത്രികയിൽ ഉൾപ്പെടുത്തി എന്ന് സത്യവാങ്മൂലം നൽകിയായിരുന്നു പിന്മാറ്റം. പിന്നാലെ നിലേഷ് കുഭാനിയുടെ പത്രിക തള്ളി. കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയായി നിർത്തിയ സുരേഷ് പഡസലയും സമാന രീതിയിൽ പുറത്തായി.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും പിന്മാറിയതോടെ മുകേഷ് ദലാൽ തെരഞ്ഞെടുക്കപ്പെട്ടു. നാമ നിർദേശം ചെയ്തവരും സ്വതന്ത്ര സ്ഥാനാർത്ഥികൾ പിന്മാറിയതിനു പിന്നിൽ ബിജെപിയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോൺഗ്രസ് പ്രതിനിധി സംഘം, സൂറത്ത് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നിലേഷ് കുംഭാണിയുടെ പത്രിക തള്ളിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുജറാത്ത് കോൺഗ്രസും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam