
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സിപിഎം. ഇന്ന് സുപ്രീംകോടതി വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോള്‍ സിപിഎം പിബി അംഗം നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍ വിഷയം കോടതിയില്‍ ഉന്നയിക്കും. വിദ്വേഷ പ്രസംഗ വിഷയത്തില്‍ മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി മന്ദിര്‍മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ വൃന്ദ കാരാട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ഈക്കാര്യവും കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി.
അതേ സമയം, രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടി. രാജസ്ഥാനിലെ ബന്‍സ്വാറില്‍ ഞായറാഴ്ച നടന്ന റാലിയിലാണ് മോദി വിവാദ പ്രസംഗം. ഒന്നരമണിക്കൂറോളം ദൈര്‍ഘ്യമുളള പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ നാളേക്കുള്ളില്‍ ഹാജരാക്കാനും, ഉള്ളടക്കം എഴുതി നല്‍കാനുമാണ് ബന്‍സ്വാര്‍ ഇലക്ട്രല്‍ ഓഫീസര്‍ക്കുള്ള നിര്‍ദ്ദേശം. പെരുമാറ്റ ചട്ട ലംഘനം തെളിഞ്ഞാല്‍ സാധാരണ നിലക്ക് താക്കീത് നല്‍കാം, പ്രചാരണത്തില്‍ നിന്ന് വിലക്കുകയും ചെയ്യാം. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ കമ്മീഷന്‍ നിഷ് പക്ഷമായി ഇടപെടുമോയെന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്.
അതിനിടെ പ്രസംഗത്തെ പ്രധാനമന്ത്രി ആവര്‍ത്തിച്ച് ന്യായീകരിച്ചു. സര്‍വേ നടത്തി രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ച് വേണ്ടപ്പെട്ടവര്‍ക്ക് മറിച്ച് നല്‍കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. മുസ്ലീംങ്ങള്‍ക്കായി എസ്എസി, എസ്ടി , ഒബിസി സംവരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും, സുപ്രീംകോടതി ഇടപെടലില്‍ നീക്കം പരാജയപ്പെടുകയായിരുന്നുവെന്നും മോദി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam