
ദില്ലി: ഇന്ത്യ സഖ്യത്തിലെ കക്ഷികളുമായി നാളെ മുതല്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ്. തര്‍ക്കം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ദേശീയ സഖ്യത്തിന് പുറമെ എഐസിസി നേതൃത്വവും ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടും. വെളുത്ത പുക ഉടന്‍ കാണാനാകുമെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
ബംഗാളില്‍ ചര്‍ച്ചകള്‍ വഴിമുട്ടിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബിഹാറില്‍ ജെഡിയു, ദില്ലിയിലും പഞ്ചാബിലും, ഹരിയാനയിലും ആംആദ്മി പാര്‍ട്ടി, ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി എന്നിങ്ങനെ നീണ്ടുകിടക്കുന്നതാണ് സീറ്റ് ചര്‍ച്ച. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതല്ല. ബംഗാളില്‍ 6 സീറ്റുകള്‍ ചോദിച്ചിടത്ത് രണ്ടെണ്ണം മാത്രമേ നല്‍കാനാകൂവെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ബിഹാറില്‍ കോണ്‍ഗ്രസിനോട് നിതീഷ് കുമാര്‍ സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ദില്ലിയിലും പഞ്ചാബിലും ഭൂരിപക്ഷം സീറ്റുകളും വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. ഉത്തര്‍പ്രദേശില്‍ 65 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി നാളെ എഐസിസി ദേശീയ സഖ്യ സമിതി ചര്‍ച്ച നടത്തും. പരമാവധി വിട്ടുവീഴ്‌ചക്ക് തയ്യാറാകാനാകും നിര്‍ദ്ദേശം. തുടര്‍ന്ന് ഇന്ത്യ സഖ്യ നേതാക്കളുമായി മൂന്ന് ദിവസങ്ങളിലായി ചര്‍ച്ച നടക്കും. സീറ്റ് ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ യാത്രയിലേക്ക് കോണ്‍ഗ്രസിന്‍റെ സംവിധാനം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് അമര്‍ഷമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുിപ്പ് വേളയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് നീങ്ങിയതിലെ അതൃപ്തി നിതി്ഷ് കുമാര്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ രാഹുലിന്‍റെ യാത്രക്ക് മുന്‍പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. പാര്‍ട്ടി തലത്തിലും നടപടികള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള. സ്ക്രീനിംഗ് കമ്മിറ്റികള്‍ക്ക് പിന്നാലെ പ്രചാരണ സമിതിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam