ആളുകൾ വന്നു, പക്ഷേ വോട്ടായില്ല; രാഹുൽ ​ഗാന്ധിയുടെ വോട്ട് അധികാർ യാത്രാ പാതയിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പിന്നിൽ

Published : Nov 14, 2025, 02:48 PM IST
Rahul gandhi

Synopsis

സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര പട്നയിൽ അവസാനിച്ചപ്പോൾ 25 ജില്ലകളും 110 നിയമസഭാ മണ്ഡലങ്ങളും കടന്ന് ഏകദേശം 1,300 കിലോമീറ്റർ പിന്നിട്ടിരുന്നു. എന്നാൽ ഈ പാതയിലെ ഒരു മണ്ഡലം പോലും കോൺ​ഗ്രസിനൊപ്പം നിന്നില്ല.

പട്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കെ രാഹുൽ ​ഗാന്ധി എഫക്ട് സംസ്ഥാനത്ത് തെല്ലും ഏശിയില്ല എന്ന് ഫലം വ്യക്തമാക്കുന്നു. ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന പ്രചാരണവുമായി രാഹുൽ ഗാന്ധി സംസ്ഥാനം മുഴുവൻ യാത്ര നടത്തിയെങ്കിലും വോട്ടായി മാറിയില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ജോ‍ഡോ യാത്രയുടെ മാതൃകയിലായിരുന്നു ബിഹാറിലും വോട്ടർ അധികാർ യാത്ര നടത്തിയത്.

സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര പട്നയിൽ അവസാനിച്ചപ്പോൾ 25 ജില്ലകളും 110 നിയമസഭാ മണ്ഡലങ്ങളും കടന്ന് ഏകദേശം 1,300 കിലോമീറ്റർ പിന്നിട്ടിരുന്നു. എന്നാൽ ഈ പാതയിലെ ഒരു മണ്ഡലം പോലും കോൺ​ഗ്രസിനൊപ്പം നിന്നില്ല. നിലവിലെ ട്രെൻഡുകൾ അനുസരിച്ച് കോൺഗ്രസ് മത്സരിച്ച 61 സീറ്റുകളിൽ വാൽമീകി നഗർ, കിഷൻഗഞ്ച്, മണിഹരി, ബെഗുസാരായി എന്നീ നാല് സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023 ലെ തെലങ്കാന തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്ര തുണച്ചെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. 2022 നും 2024 നും ഇടയിൽ ഗാന്ധിജി നടത്തിയ രണ്ട് പാൻ-ഇന്ത്യ 'ഭാരത് ജോഡോ' യാത്രകളിലൂടെ 41 സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞു. തെലങ്കാനയിൽ, അവർ വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ബിഹാറിൽ ഈ നീക്കം അമ്പേ പരാജയപ്പെട്ടു. എൻ‌ഡി‌എ ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരി. ബിജെപിയും ജെഡിയുവും മത്സരിച്ച മിക്ക സീറ്റുകളും നേടി. ബിജെപി 91 സീറ്റുകളിലും ജെഡിയു 80 സീറ്റുകളിലും മുന്നിലാണ്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിച്ച 28 സീറ്റിൽ 22 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആർ‌എൽ‌എം 6 സീറ്റിലും ജിതൻ റാം മാഞ്ചിയുടെ എച്ച്‌എ‌എം അഞ്ച് സീറ്റിലും എണ്ണത്തിലും മുന്നിൽ നിൽക്കുന്നു.

ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രാഹുൽ ഉന്നയിച്ച വോട്ട് മോഷണ ആരോപണം വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ബിഹാർ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എസ്‌ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) വഴി ബീഹാറിലെ ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രധാന ആരോപണം. വോട്ട് ചോരി യാത്രയിൽ വമ്പൻ ജനപങ്കാളിത്തമുണ്ടായെങ്കിലും വോട്ടായി മാറിയില്ല എന്നാണ് കണക്കുകകൾ പറയുന്നത്. മഹാഗത്ബന്ധൻ പാർട്ടികൾക്കിടയിലെ ഐക്യമില്ലായ്മയാണ് എതിരാളികൾക്ക് അനുകൂലമായി പ്രവർത്തിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം