
ചണ്ഡീഗഢ്: പഞ്ചാബിലെ എ എ പി സർക്കാർ വീണ്ടും വിവാദത്തിൽ. സർവകലാശാല വൈസ് ചാന്‍സലറും രാജ്യത്തെ പ്രമുഖ ഡോക്ടറുമായ രാജ് ബഹാദൂറിനെ ശാസിച്ച് മുഷിഞ്ഞ കിടക്കയില്‍ കിടത്തിയ ആരോഗ്യമന്ത്രിയുടെ നടപടിയാണ് പുതിയ വിവാദത്തിന് കാരണം. പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്രയാണ് ബാബാ ഫരീദ് ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലർ ഡോ രാജ് ബഹാദൂറിനെ മുഷിഞ്ഞ കിടക്കയില്‍ കിടത്തിയത്. സംഭവത്തിൽ ആംആദ്മി സർക്കാറിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മന്ത്രി അവഹേളിച്ചെന്നാരോപിച്ച് ബാബാ ഫരീദ് ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലർ പദവി ഡോ രാജ് ബഹാദൂർ രാജിവച്ചിരുന്നു. പിന്തുണയുമായെത്തിയ കോൺഗ്രസ് നേതാക്കൾക്ക് മുന്‍പില്‍ രാജ്യത്തെ പ്രമുഖ ഡോക്ടർ കൂടിയായ രാജ് ബഹാദൂർ പൊട്ടിക്കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം സർക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷവും ഐ എം എയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. വൈസ് ചാന്‍സിലറെ അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രി ഡോക്ടറോട് മാപ്പ് പറയണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടുപെടണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യമന്ത്രിയായിരുന്ന വിജയ് സിംഗ്ലയെ നേരത്തെ മുഖ്യമന്ത്രിതന്നെ പുറത്താക്കി കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യവകുപ്പിന്‍റെ മുഖം രക്ഷിക്കാനായി നിയോഗിച്ച പുതിയ മന്ത്രിയും സർക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം, എതിർപ്പുയർത്തി സർക്കാർ
രാജ്യത്തെ പ്രമുഖ നട്ടെല്ല് രോഗ വിദഗ്ധനും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗവുമായ ഡോ രാജ് ബഹാദൂറിനെ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് ആരോഗ്യമന്ത്രി ചേതന്‍ സിംഗ് ജൗരമജ്ര മാധ്യമങ്ങൾക്ക് മുന്നില്‍ അധിക്ഷേപിച്ചത്. ആശുപത്രിയില്‍ നടത്തിയ മിന്നല്‍ സന്ദർശനത്തിനിടെ മുഷിഞ്ഞ കിടക്കകൾ കണ്ട മന്ത്രി വൈസ് ചാന്‍സലറെ ശാസിക്കുകയും അതേ കിടക്കയില്‍ കിടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിർദേശം അനുസരിച്ച ഡോ രാജ് ബഹാദൂർ പിന്നീട് മുഖ്യമന്ത്രി ഭഗവന്ത് മാന് രാജിക്കത്ത് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam