
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനം. മഹാവികാസ് അഘാഡിയുമായി സഹകരിക്കേണ്ടെന്നാണ് നിലവിൽ പാർട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന ഉദ്ധവ് വിഭാഗം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ് സേനയുമായി സഹകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്.
ആരുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്നത് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരാണ് തീരുമാനിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ സ്വന്തം ശക്തിയിൽ കോൺഗ്രസ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കോൺഗ്രസ് നേതാവ് മധുകർ ചവാൻ പറഞ്ഞു. ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും ബന്ധുവായ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൈകോർക്കാൻ ഒരുങ്ങുന്നതിനിടെയാണ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്. വടക്കേ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരായ എംഎൻഎസിനെ നിലപാട് കാരണം കോൺഗ്രസിലെ ഒരു വിഭാഗം സഖ്യത്തിൽ രാജ് താക്കറെയെ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, കോൺഗ്രസ് നിലപാടിനെതിരെ ശിവസേന (യുടി) വിഭാഗം രംഗത്തെത്തി. കോൺഗ്രസ് എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നില്ലെന്നും എംഎൻഎസുമായി കൈകോർക്കാനാണ് തീരുമാനമെന്നും പാർട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എൻസിപി(ശരദ് പവാർ), ഇടതുകക്ഷികൾ എന്നിവർക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കോൺഗ്രസിനെ അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ ശ്രമിക്കുന്നുണ്ട്. 2026 ജനുവരിയിലാണ് ബിഎംസി തെരഞ്ഞെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam