
ദില്ലി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ ആര്‍ജെഡി അംഗം മനോജ് ത്സാ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകും. ഇന്നുചേര്‍ന്ന യുപിഎ യോഗമാണ് ആര്‍ജെഡി അംഗം മനോജ് ത്സായെ പിന്തുണക്കാൻ തീരുമാനിച്ചത്. ഡിഎംകെയിൽ നിന്ന് തിരുച്ചി ശിവയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് ആര്‍ജെഡി അംഗത്തെ മത്സരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം.
ജെഡിയു അംഗം ഹരിവംശാണ് എൻഡിഎ സ്ഥാനാര്‍ത്ഥി. എൻഡിഎ സ്ഥാനാര്‍ത്ഥിയായി ഹരിവംശ് ഇന്നലെ പത്രിക നൽകിയിരുന്നു. 245 അംഗ രാജ്യസഭയിൽ എൻഡിഎക്ക് ഭൂരിപക്ഷമില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി ഉൾപ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണ എൻഡിഎക്ക് കിട്ടും. ബിഎസ്‍പി പോലുള്ള പാര്‍ട്ടികളും എൻഡിഎ അനുകൂല നിലപാട് സ്വീകരിച്ചേക്കാം.
ഇതോടെ രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള പോരാട്ടമായി പ്രതിപക്ഷം മാറ്റുകയാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ബീഹാറിലെ ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങൾ തന്നെ രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്.
14 നാണ് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നത്. ആദ്യ ദിവസം തന്നെയാകും രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്. സാമ്പത്തികപ്രതിസന്ധി, ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, തൊഴിലില്ലായ്മ, ഇഐഎ വിജ്ഞാപനം തുടങ്ങിയ നിരവധി വിഷയങ്ങൾ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam