ഭരണമാറ്റത്തിന്‍റെ പതിവ് തെറ്റാതെ ഹിമാചല്‍, മോദിപ്രഭാവം മറികടന്ന് കോണ്‍ഗ്രസ് വിജയം

By Web TeamFirst Published Dec 8, 2022, 2:42 PM IST
Highlights

എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബിജെപിയെ തുണയ്‍ക്കുമെന്നായിരുന്നു ഫലം. എന്നാല്‍ ഭരണമാറ്റത്തിന്‍റെ പതിവ് തെറ്റാതെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ തുണച്ചു. 

ഷിംല: മോദിപ്രഭാവം മറികടന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. മോദി പ്രഭാവത്തിൽ തുടർഭരണം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് വന്‍ തിരിച്ചടിയേറ്റത്. 39 സീറ്റുകള്‍ കോണ്‍ഗ്രസും 26 സീറ്റുകള്‍ ബിജെപിയും നേടി. എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബിജെപിയെ തുണയ്‍ക്കുമെന്നായിരുന്നു ഫലം. എന്നാല്‍ ഭരണമാറ്റത്തിന്‍റെ പതിവ് തെറ്റാതെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ തുണച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടു.

രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്ക സംസ്ഥാനമാകെ നടത്തിയ പ്രചാരണവും അഗ്നിവീര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് വിജയ ഘടകമായി. അഗ്നിവീര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം  തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിൾ ക‌ർഷകരുടെ പ്രശ്നങ്ങൾ തുടങ്ങി കോൺഗ്രസ് ഉന്നയിച്ച വിഷയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാ‌ർന്ന വിജയം. ഒബിസി വോട്ടുകൾ നി‌ർണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളില്‍ കോൺഗ്രസ് ആധിപത്യം നേടി. ആപ്പിൾ ക‌ർഷകർക്ക് നി‌ർണായക സ്വാധീനമുള്ള ഷിംലയും കിന്നൗറും, സ‌ർക്കാ‌ർ ഉദ്യോഗസ്ഥ‌ർക്ക് സ്വാധീനമുള്ള നഗരമേഖലകളും കോൺഗ്രസിനൊപ്പം നിന്നു. പരമ്പരാഗതമായി തുണയ്ക്കുന്ന ഉന സോലന്‍ ജില്ലകളിലും കോൺഗ്രസ് കരുത്തുകാട്ടി.

ഹിമാചലില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും ഹിമാചലില്‍ തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളാണ് നേടിയിരുന്നത്. വമ്പന്‍ ജയം സ്വന്തമാക്കിയ ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ചത്തീസ്ഗഡിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേന്ദ്രത്തിന്‍റെ അഗ്‌നിവീർ പദ്ധതിയോടുള്ള വിധിയെഴുത്ത് എന്നാണ് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയുടെ പ്രതികരണം. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ സ്വാധീനിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു.

 

click me!