
അഹമ്മദാബാദ്: വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കോൺഗ്രസ് അഞ്ച് സീറ്റ് പോലും നേടില്ലെന്ന് ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ. മാധ്യമങ്ങളുമായി സംസംസാരിക്കവെയാണ് കെജ്രിവാൾ കോൺഗ്രസിനെ പരിഹസിച്ചത്. അഞ്ച് സീറ്റ് കോൺഗ്രസിന് ലഭിക്കില്ലെന്ന് പറഞ്ഞതിന് തെളിവായി അദ്ദേഹം കടലാസിൽ കുറിച്ചുനൽകുകയും ചെയ്തു. ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസിനെ ആരും ഗൗരവത്തിൽ എടുക്കുന്നില്ല. ഗുജറാത്തിലെ ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്. അവർക്ക് മാറ്റം ആവശ്യമില്ലെങ്കിൽ ഞങ്ങൾക്ക് ഇവിടെ ഇടം ലഭിക്കില്ലായിരുന്നു. 30 ശതമാനം വോട്ടുവിഹിതം എഎപിക്ക് ലഭിക്കും. പഞ്ചാബിൽ ഞങ്ങൾ സർക്കാറുണ്ടാക്കി. അതുപോലെ ഗുജറാത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടാകും. കോൺഗ്രസിന് ഒന്നും ചെയ്യാനാകില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു. അഞ്ച് സീറ്റുപോലും അവർ നേടില്ലെന്ന് ഞാൻ പറയുന്നു. രണ്ടാം സ്ഥാനത്ത് എത്തുന്നത് എഎപിയായിരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഭാവിയിൽ തെളിവിനായി അദ്ദേഹം പറഞ്ഞ കാര്യം പേപ്പറിൽ എഴുതി നൽകുകയും ചെയ്തു.
എന്നാൽ എഎപി എത്ര സീറ്റുനേടുമെന്ന് കെജ്രിവാൾ പ്രവചിച്ചില്ല. ബിജെപിയുടെ വോട്ടുവിഹിതത്തിൽ 20 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപിക്കെതിരെയും കെജ്രിവാൾ ആരോപണമുന്നയിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിൽ നിന്ന് മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനിനെയും ഒഴിവാക്കുന്നതിന് ബിജെപി ഡീല്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തൽ. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്‍വാങ്ങിയാല്‍ മന്ത്രിമാരെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനമാണ് ബിജെപി തനിക്ക് മുന്നില്‍ വച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിൽ ബിജെപി പ്രതികരിച്ചിട്ടില്ല. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് വന്നാല്‍ മുഖ്യമന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെയാണ് ബിജെപി തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.