ഗുജറാത്തില്‍ നിന്ന് പോകൂ, അവിടെ മത്സരിക്കാതിരുന്നാല്‍ മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജെയിനിനും എതിരെയുള്ള കേസുകള്‍ എല്ലാം പിന്‍വലിക്കാമെന്ന് ബിജെപി പറഞ്ഞുവെന്ന് കെജ്‍രിവാള്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ദില്ലി: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമായ മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനിനെയും അതില്‍ നിന്ന് ഒഴിവാക്കുന്നതിന് ബിജെപി ഡീല്‍ വാഗ്ദാനം ചെയ്തുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്‍വാങ്ങിയാല്‍ മന്ത്രിമാരെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനമാണ് ബിജെപി തനിക്ക് മുന്നില്‍ വച്ചിട്ടുള്ളതെന്നാണ് കെജ്‍രിവാളിന്‍റെ വെളിപ്പെടുത്തല്‍.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് വന്നാല്‍ മുഖ്യമന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെയാണ് അവര്‍ ഇപ്പോള്‍ തന്‍റെ അടുത്തേക്ക് വന്നിരിക്കുന്നത്. ഗുജറാത്തില്‍ നിന്ന് പോകൂ, അവിടെ മത്സരിക്കാതിരുന്നാല്‍ മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജെയിനിനും എതിരെയുള്ള കേസുകള്‍ എല്ലാം പിന്‍വലിക്കാമെന്ന് ബിജെപി പറഞ്ഞുവെന്ന് കെജ്‍രിവാള്‍ എന്‍ഡിടിവിയോട് പറഞ്ഞു.

എന്നാല്‍, ആരാണ് ഇത്തരമൊരു ഡീല്‍ സംസാരിച്ചതെന്ന് വ്യക്തമാക്കാന്‍ അരവിന്ദ് കെജ്‍രിവാള്‍ തയാറായില്ല. തനിക്ക് വളരെ അടുപ്പമുള്ള ഒരാളുടെ പേര് എങ്ങനെ പറയാന്‍ സാധിക്കും. ബിജെപി ഒരിക്കലും നേരിട്ട് സമീപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പും തോല്‍ക്കുമെന്നുള്ള ഭയമാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. ഗുജറാത്തില്‍ ഉറപ്പായും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കും.

182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റില്‍ താഴെ മാത്രമേ ലഭിക്കുകയുള്ളുവെന്നും കെജ്‍രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇതിനകം ബിജെപിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ആം ആദ്മിക്ക് സാധിച്ച് കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വളരെ അകലെയാണ് ഇപ്പോള്‍ പാര്‍ട്ടിയുള്ളത്. ഒരു മാസം കൊണ്ട് ബിജെപിയെയും പിന്നിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുലക്ഷം സർക്കാർ ജോലി, മിനിമം കൂലി 500, സൗജന്യ വൈദ്യുതി; ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് പ്രകടനപത്രിക പുറത്ത്