ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്

Published : Apr 25, 2019, 02:26 PM ISTUpdated : Apr 25, 2019, 02:45 PM IST
ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്

Synopsis

നേരത്തേ സിബിഐയിലെ ചേരിപ്പോരിൽ അന്വേഷണം നടത്താനുള്ള സമിതിയുടെ തലവനായി സുപ്രീംകോടതി നിയമിച്ചത് ജസ്റ്റിസ് എ കെ പട്‍നായികിനെയാണ്. ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തു വിടാതിരിക്കാൻ അവകാശമുണ്ടെന്ന അഭിഭാഷകൻ ഉത്സവ് ബെയ്‍ൻസിന്‍റെ വാദം നിലനിൽക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്‍നായികിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീൽ വച്ച കവറിൽ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നൽകി.

രാവിലെ ഈ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയിൽ തന്നെ സ്വാധീനിക്കാൻ ഒന്നരക്കോടി വാഗ്ദാനം ചെയ്തതിന്‍റെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീൽ വച്ച കവർ അഭിഭാഷകൻ ഉത്സവ് ബെയ്‍ൻസ് സുപ്രീംകോടതിയിൽ നൽകിയിരുന്നു.
സത്യവാങ്മൂലത്തിൽ വസ്തുതയുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. തെളിവുകളും അവകാശവാദങ്ങളും സത്യമാണോ എന്ന് പരിശോധിക്കണം. ഏകെ പട്നായിക് നൽകുന്ന ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി അന്വേഷണം.

എന്നാൽ പരാതിക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ഈ അന്വേഷണത്തിന്‍റെ പരിധിയിൽ വരില്ല. നാളെ രാവിലെ മുതൽ ജസ്റ്റിസ് എസ് എ ബോബ്‍ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്പാകെ പരാതിക്കാരി ഹാജരായി തെളിവ് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

എന്തായിരുന്നു ഉത്സവ് ബെയ്‍ൻസ് ഉന്നയിച്ച 'ഗൂഢാലോചന' ആരോപണം?

അനുകൂല വിധി കിട്ടാതെ വന്ന ചില കോർപ്പറേറ്റ് കമ്പനികളുടെ പ്രതിനിധികൾ സുപ്രീംകോടതിയിൽ നിന്ന് നേരത്തേ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് ഉത്സവ് ബെയ്‍ൻസിന്‍റെ സത്യവാങ്മൂലത്തിലുള്ളത്. ചീഫ് ജസ്റ്റിസിനെ രാജി വെപ്പിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായാണ് ഈ ലൈംഗികാരോപണം ഉയർയത്തിയത്. തപൻ കുമാർ ചക്രബർത്തി, മാനവ് ശർമ എന്നിവരുടെ പേരുകൾ ഉത്സവ് ബെയ്‍ൻസ് എടുത്തു പറഞ്ഞിട്ടുണ്ട്. നേരത്തേ എറിക്സൺ കമ്പനി നൽകിയ കോടതിയലക്ഷ്യക്കേസിൽ അനിൽ അംബാനി നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവ് തിരുത്തിയ കോർട്ട് മാസ്റ്ററും സ്റ്റെനോഗ്രാഫറുമാണ് തപൻ കുമാറും മാനവ് ശർമയും. 

ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുതിയ സത്യവാങ്മൂലമായി സമർപ്പിക്കാനാണ് ഉത്സവ് ബെയ്‍ൻസിനോട് കോടതി ആവശ്യപ്പെട്ടത്. ഈ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുണ്ടെന്ന് പറഞ്ഞാണ് ഉത്സവ് ബെയ്ൻസ് കോടതിയിൽ സത്യവാങ്മൂലം മുദ്ര വച്ച കവറിൽ സമർപ്പിച്ചിരിക്കുന്നത്. 

ഇന്ത്യൻ തെളിവ് നിയമത്തിന്‍റെ 126-ാം ചട്ടപ്രകാരം സത്യവാങ്മൂലത്തിലെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ഉത്സവ് ബെയ്‍ൻസിന് അവകാശമില്ലെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കേസ് തുടങ്ങിയ ഉടൻ വാദിച്ചു. അഭിഭാഷകനും കക്ഷിയുമായി നടത്തിയ സംഭാഷണങ്ങളോ ആശയവിനിമയമോ, പ്രത്യേക സാഹചര്യങ്ങളില്ലാതെ വെളിപ്പെടുത്തേണ്ടതില്ലെന്ന് പറയുന്നതാണ് ഇന്ത്യൻ തെളിവു നിയമത്തിന്‍റെ 126-ാം ചട്ടം. 

ഉത്സവ് ബെയ്‍ൻസ് പറയുന്നത് ആരോ ഒന്നരക്കോടിയുമായി തന്നെ സമീപിച്ചെന്നാണ്. സമീപിച്ച 'ഫിക്സർ'മാർ ഉത്സവിന്‍റെ കക്ഷികളല്ല. അതുകൊണ്ടു തന്നെ ഇന്ത്യൻ തെളിവു നിയമത്തിലെ ചട്ടത്തിന്‍റെ സംരക്ഷണം ഉത്സവിന് കിട്ടില്ല. ഉത്സവ് വിവരങ്ങൾ വെളിപ്പെടുത്തണം - എജി വാദിച്ചു. നേരത്തേ ആരാണ് വിവരങ്ങൾ നൽകിയെന്നത് വെളിപ്പെടുത്താനാകില്ലെന്ന് ബെയ്‍ൻസ് കോടതിയിൽ വാദിച്ചിരുന്നു.

പിന്നീട് വാദിച്ച സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് എന്ത് ചട്ടത്തിന്‍റെ സംരക്ഷണമുണ്ടായാലും കോടതിയ്ക്ക് വിവരങ്ങൾ വിളിച്ചു വരുത്താൻ അവകാശമുണ്ടല്ലോ എന്ന് ഓർമിപ്പിച്ചു. ജസ്റ്റിസ് അരുൺ മിശ്ര ഇത് ശരിവയ്ക്കുകയും ചെയ്തു. 

ഇതിനിടെ ഇടപെട്ട അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ്, കോടതിയ്ക്കെതിരെ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം പരാതിക്കാരി ഉന്നയിച്ച ലൈംഗികാരോപണവും അന്വേഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന നടപടിക്രമങ്ങൾ, പരാതിക്കാരിക്ക് നീതി നിഷേധിക്കപ്പെടുന്നതാകാൻ സാധ്യതയുണ്ടെന്നും ഇന്ദിരാ ജയ്‍സിംഗ് വാദിച്ചു. 

പരാതിയിലെ അന്വേഷണത്തെ ഈ ഗൂഢാലോചനക്കേസ് ഒരു തരത്തിലും വാദിക്കില്ലെന്ന് അപ്പോൾ സുപ്രീംകോടതി വീണ്ടും ആവർത്തിച്ചു. പരാതിയ്ക്കും മുകളിൽ ഈ കേസിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവർത്തിച്ച് വ്യക്തമാക്കി. 

അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് വീണ്ടും ഉത്സവ് ബെയ്‍ൻസിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. അഭിഭാഷകൻ എന്ന സ്റ്റിക്കർ പോലുമില്ലാതെ കോടതി ഗേറ്റിന് മുന്നിൽ ജാഗ്വർ പോലുള്ള ആഢംബര കാറിൽ എത്തിയ ഉത്സവ് ബെയ്ൻസിനെ പരിശോധനയില്ലാതെ സെക്യൂരിറ്റി കടത്തി വിട്ടതെങ്ങനെ? ബെയ്‍ൻസിന്‍റെ പിന്നിലാരെന്ന് അന്വേഷിക്കണമെന്നും ഇന്ദിരാ ജയ‍്‍സിംഗ് ആവശ്യപ്പെട്ടു. 

ആരോപണങ്ങൾ ഗുരുതരം

ഇന്ദിരാ ജയ്സിംഗിന്‍റെ ആരോപണങ്ങൾ കേട്ട കോടതി, സുപ്രീംകോടതിയിലെ ബഞ്ചുകളെയും ജഡ്‍ജിമാരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം വളരെ വളരെ ഗുരുതരമാണെന്ന് മറുപടി നൽകി. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാൻ വഴിവിട്ട ഇടപെടൽ നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. ഇന്ദിര ജയ്സിംഗ് പറയുന്നതിലെ ആശങ്ക മനസിലാക്കുന്നു എന്നും കോടതി പറഞ്ഞു. 

എന്നാൽ ഉത്സവ് ബെയ്‍ൻസിനും ഗൂഢാലോചന ഉണ്ടോ എന്നും, പിന്നിലാരെന്നും അന്വേഷിക്കണമെന്ന് ഇന്ദിരാ ജയ്‍സിംഗ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, രാഷ്ട്രീയം കൊണ്ടുള്ള അധികാരപ്രയോഗത്തിന്‍റെ ഭാഗമായോ, പണം കൊണ്ടോ, കോടതിയ്ക്ക് മേൽ റിമോട്ട് കൺട്രോൾ ഇടപെടലുണ്ടെന്ന വിവരങ്ങൾ പലപ്പോഴായി പുറത്തു വരുന്നുണ്ടെന്നും ഇതിലെ സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. 

പണം നൽകി സുപ്രീം കോടതി രജിസ്ട്രിയെ സ്വാധീനിക്കുന്നുവെന്നും ജ‍ഡ്‍ജിമാരെ സ്വാധീനിക്കുന്നുവെന്നുമാണ് ആരോപണം. ഇത് ഗുരുതരമായ ആരോപണമാണ്. സുപ്രീംകോടതി അഭിഭാഷകരുടേത് കൂടിയാണെന്ന് ഓർക്കണമെന്ന് ഇന്ദിരാ ജയ്‍സിംഗിനോട് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ