
ദില്ലി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം നൽകിയെന്ന ആരോപണത്തിൽ സിവിൽ സർവീസസ് കോച്ചിങ് സ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിഴ ചുമത്തി. വിഷൻ ഐഎഎസ് എന്ന സ്ഥാപനത്തിനാണ് മൂന്ന് ലക്ഷം രൂപയുടെ പിഴ ലഭിച്ചത്. പരസ്യങ്ങളിൽ നിന്ന് ചില കോഴ്സുകളെ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചു എന്നായിരുന്നു പരാതി.
സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ വിജയ ശതമാനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പരസ്യം നൽകിയതായി കണ്ടെത്തിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2020ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യത്തെ പത്ത് റാങ്കുകൾ നേടിയ എല്ലാവരും തങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചവരാണെന്ന് പരസ്യത്തിൽ അവകാശപ്പെട്ടിരുന്നുവെന്നും ഇവരുടെ ചിത്രങ്ങൾ സഹിതം പരസ്യങ്ങളിൽ നൽകിയിരുന്നു എന്നുമാണ് ആരോപണം.
എന്നാൽ ആദ്യത്തെ പത്ത് റാങ്കുകൾ നേടി വിജയിച്ചവരിൽ ആദ്യ റാങ്കുകാരൻ സ്ഥാപനത്തിലെ ഫൗണ്ടേഷൻ കോഴ്സിൽ പഠിച്ചിരുന്നതായി സ്ഥാപനം വിശദീകരിക്കുന്നു. മറ്റ് ഒൻപത് പേർ പഠിച്ച കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെന്നു എന്നാണ് ആരോപണം. ഈ ഒൻപത് പേരിൽ ഒരാൾ ഫൗണ്ടേഷൻ കോഴ്സിൽ പഠിച്ചയാളായിരുന്നു. മറ്റ് ആറ് പേർ സ്ഥാപനത്തിന്റെ പ്രിലിമിനറി, മെയിൻസ് ടെസ്റ്റ് സീരിസ് മാത്രം അറ്റൻഡ് ചെയ്തവരും രണ്ട് പേർ മറ്റൊരു ടെസ്റ്റ് സീരിസ് എഴുതിയവരുമാണ്.
വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രത്യേകമായി നൽകാതെ മറച്ചുവെയ്ക്കുക വഴി എല്ലാവരും ഒരേ കോഴ്സ് പഠിച്ച് പരീക്ഷ വിജയിച്ചവരാണെന്ന തെറ്റിദ്ധാരണ പരത്തിയെന്ന് കമ്മീഷൻ കണ്ടെത്തി. ഒരു മോക് ടെസ്റ്റിന് 750 രൂപ മുതൽ ഒരു ഫുൾ ഫൗണ്ടേഷൻ കോഴ്സിന് 1,40,000 രൂപ വരെ വിവിധ കോഴ്സുകൾക്ക് വിവിധ തരത്തിലുള്ള ഫീസാണ് സ്ഥാപനം ഈടാക്കുന്നത്. ഇത്തരത്തിൽ വിവരങ്ങൾ മറച്ചുവെറ്റ് പരസ്യം നൽകുന്നത് മറ്റ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണക്കാക്കിയാണ് ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam