ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കി, 10 വര്‍ഷം കഴിഞ്ഞപ്പോള്‍ 33 ലക്ഷം അടയ്ക്കാന്‍ നോട്ടീസ്; ബാങ്കിനെതിരെ പോരാടി ജയിച്ച് ഇടപാടുകാരന്‍

Published : Mar 20, 2026, 10:42 AM IST
Credit Card

Synopsis

ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്ത് 10 വര്‍ഷത്തിന് ശേഷം 33 ലക്ഷം രൂപ കുടിശ്ശിക ആവശ്യപ്പെട്ട ബാങ്കിനെതിരെ നിയമപോരാട്ടം നടത്തിയ ഉപഭോക്താവിന് വിജയം. കര്‍ണാടക സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍, ബാങ്കിന്റെ തെറ്റായ നടപടിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉത്തരവിട്ടു. 

ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്ത് പത്ത് വര്‍ഷത്തിനു ശേഷം 33 ലക്ഷത്തിലധികം രൂപ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന്റെ വക്കീല്‍ നോട്ടീസ്. ബാങ്കിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ നിയമപോരാട്ടം നടത്തിയ ഇടപാടുകാരന് ഒടുവില്‍ നീതി. 5 ലക്ഷം രൂപ നഷ്ടപരിഹാരവും ഒന്നര ലക്ഷം രൂപ കോടതിച്ചെലവുമടക്കം നല്‍കാന്‍ കര്‍ണാടക സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. മൈസൂര്‍ സ്വദേശി വെങ്കിടേഷാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ തെറ്റായ നടപടിക്കെതിരെ പോരാടി വിജയം കണ്ടത്.

2010 ഓഗസ്റ്റ് 27-നാണ് വെങ്കിടേഷ് 15,500 രൂപ അടച്ച് തന്റെ ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്തത്. കാര്‍ഡ് റദ്ദാക്കിയതായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് അന്ന് തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം 2018-ല്‍ ബാങ്ക് പെട്ടെന്നൊരു ഡിമാന്‍ഡ് നോട്ടീസ് അയച്ചു. പിന്നീട് 2020 ഡിസംബര്‍ 25-ന് 33.83 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് വക്കീല്‍ നോട്ടീസും അയച്ചു. പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നിരന്തരം കോളുകളും മെസ്സേജുകളും ഇമെയിലുകളും വെങ്കിടേഷിനെ തേടിയെത്തി.

ഒരു ഇടപാടും നടത്താതെ എങ്ങനെ ഇത്രയും തുക കുടിശ്ശികയായെന്ന് ചോദിച്ച് 2022 ജൂണ്‍ 18-ന് വെങ്കിടേഷ് ബാങ്കിന് മറുപടി നല്‍കി. എന്നിട്ടും ബാങ്കിന്റെ ഭീഷണി തുടര്‍ന്നപ്പോഴാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ജില്ലാ കമ്മീഷന്റെ വിധി പോരെന്നുകാട്ടി അപ്പീല്‍

2024-ല്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വെങ്കിടേഷിന് അനുകൂലമായി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും, വിധി വന്ന ദിവസം മുതല്‍ 10% പലിശയും, 3,000 രൂപ കോടതിച്ചെലവും നല്‍കാനായിരുന്നു ഉത്തരവ്. എന്നാല്‍ ബാങ്കില്‍ നിന്നേറ്റ മാനസിക പീഡനത്തിനും സാമ്പത്തിക നഷ്ടത്തിനും ഈ തുക പോരെന്നുകാട്ടി വെങ്കിടേഷ് സംസ്ഥാന കമ്മീഷനെ സമീപിച്ചു. 2026 ഫെബ്രുവരി 12-ന് സംസ്ഥാന കമ്മീഷന്‍ വെങ്കിടേഷിന് അനുകൂലമായി അന്തിമ വിധി പുറപ്പെടുവിച്ചു. ബാങ്കിന്റെ നടപടി തികച്ചും അന്യായമായ രീതി ആണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അക്കൗണ്ട് ക്ലോസ് ചെയ്തിട്ടും എന്തിന് വീണ്ടും ഇത്രയും വലിയ തുക ചോദിച്ചു എന്നതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ ജില്ലാ കമ്മീഷനിലോ സംസ്ഥാന കമ്മീഷനിലോ ബാങ്കിന് കഴിഞ്ഞില്ല. ബാങ്കിന്റെ ഈ നടപടി മൂലം കഴിഞ്ഞ 10 വര്‍ഷമായി വെങ്കിടേഷിന്റെ സിബില്‍ സ്‌കോര്‍ നന്നേ ഇടിഞ്ഞെന്നും, ഇതുമൂലം അദ്ദേഹത്തിന് മറ്റ് ലോണുകള്‍ എടുക്കാൻ സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ച്ചയായുള്ള ഇമെയിലുകളും നോട്ടീസുകളും അദ്ദേഹത്തിന് കടുത്ത മാനസിക വ്യഥയാണ് നല്‍കിയത്. ഇതിനെല്ലാം പകരമായി ജില്ലാ കോടതി വിധിച്ച ഒരു ലക്ഷം രൂപ ഒട്ടും മതിയാകില്ലെന്നും സംസ്ഥാന കമ്മീഷന്‍ വിലയിരുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേദനയില്ലാത്ത മരണത്തിലേക്ക് ഹരീഷ് റാണ; ദയാവധ നടപടികൾ തുടങ്ങി, ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു
രാജ്യത്തെ നാല് വിമാനത്താവളങ്ങൾ അടയ്ക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിപ്പ്; ആദ്യം അടയ്ക്കുന്നത് ജോധ്‌പൂർ വിമാനത്താവളം