ഏത്യോപ്യൻ എയർലൈൻസിന്റെ മുൻ സിഇഒയാണ്. നാലുവർഷത്തോളം എയർഇന്ത്യയുടെ സിഇഒയായിരുന്ന കാംപ്ബെൽ വിൽസൺ അടുത്തിടെ പദവി ഒഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എയർഇന്ത്യ പുതിയ സിഇഒയെ നിയമിച്ചിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് പുതിയ സിഇഒയുടെ നിയമനം.
ന്യൂഡൽഹി: എയർഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും(സിഇഒ) മാനേജിങ് ഡയറക്ടറുമായി(എംഡി) ടിവോൾഡെ ഗെബ്രേമറിയത്തെ നിയമിച്ചു. ഏത്യോപ്യൻ എയർലൈൻസിന്റെ മുൻ സിഇഒയാണ്. നാലുവർഷത്തോളം എയർഇന്ത്യയുടെ സിഇഒയായിരുന്ന കാംപ്ബെൽ വിൽസൺ അടുത്തിടെ പദവി ഒഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എയർഇന്ത്യ പുതിയ സിഇഒയെ നിയമിച്ചിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് പുതിയ സിഇഒയുടെ നിയമനം.
1985-ൽ ട്രാഫിക് ഓഫീസറായാണ് ഗെബ്രേമറിയം എത്യോപ്യൻ എയർലൈൻസിൽ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് കാർഗോ മാനേജരായും ഇന്ത്യയിലും സൗദി അറേബ്യയിലും കമ്പനിയുടെ ഏരിയ മാനേജരായും റീജണൽ ഡയറക്ടറായും പ്രവർത്തിച്ചു. 2004-ൽ എത്യോപ്യൻ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവിയായി. 2006-ൽ ചീഫ് ഓപ്പറേഷൻസ് ഓഫീസർ(സിഒഒ) ആയ അദ്ദേഹം 2011-ലാണ് എത്യോപ്യൻ എയർലൈൻസിന്റെ സിഇഒ പദവിയിലെത്തിയത്. ഇക്കാലയളവിലാണ് എത്യോപ്യൻ എയർലൈൻസ് ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി വളർന്നത്. ജർമനി ആസ്ഥാനമായുള്ള സ്റ്റാർ അലൈൻസിലും ഭാഗമായി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി 2022 മാർച്ചിലാണ് ഗെബ്രേമറിയം എത്യോപ്യൻ എയർലൈൻസിൽനിന്ന് പടിയിറങ്ങിയത്. തുടർന്ന് നാലുവർഷങ്ങൾക്ക് ശേഷമാണ് എയർഇന്ത്യ സിഇഒയായി അദ്ദേഹത്തിന്റെ നിയമനം.
അഹമ്മദാബാദ് വിമാനദുരന്തമുണ്ടായി മാസങ്ങൾക്ക് ശേഷമായിരുന്നു എയർഇന്ത്യ സിഇഒയായിരുന്ന കാംപ്ബെൽ വിൽസൺ രാജിവെച്ചത്. 2027 വരെ കാലാവധിയിരിക്കെയാണ് അദ്ദേഹം പദവിയൊഴിഞ്ഞത്. എയർഇന്ത്യ സിഇഒയാകുന്നതിന് മുൻപ് സിങ്കപ്പൂർ എയർലൈൻസിന് കീഴിലുള്ള സ്കൂട്ടിന്റെ സിഇഒയായിരുന്നു കാംപ്ബെൽ വിൽസൺ.


