
ദില്ലി: വിവാദ വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കോടതി ഉത്തരവ് ലംഘിച്ച് വിജയ് മല്യ 2017ല്‍ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി പറയുന്നത്. മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുക.
ഇന്ത്യയിലെ മദ്യ വ്യാപാര രംഗത്തെ പ്രധാനികളിലൊരാളായിരുന്നു വിജയ് മല്യ. കഴിഞ്ഞ വര്‍ഷം വിജയ് മല്യയെ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണിത്. വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികൾ വിലമതിക്കുന്ന ആസ്‍തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതർ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.
Also Read: "ഹാ! പുഷ്‍പമേ.." വിജയ് മല്യയുടെ ആഡംബര കാറിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്!
9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. എസ്ബിഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാർച്ച് 2 നാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ബ്രിട്ടനിൽ മൂന്നു വർഷത്തെ കോടതി നടപടികൾക്കു ശേഷം, തുടർനടപടികൾക്കായി ഇന്ത്യയിലേക്കു നാടുകടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ ജാമ്യത്തിലാണ് മല്യ. ഇതിനിടെ അദ്ദേഹം ബ്രിട്ടനിൽ അഭയം ചോദിച്ചിട്ടുമുണ്ട്. ബ്രിട്ടിഷ് സർക്കാരിന്റെ പരിഗണനയിലാണ് ഈ അപേക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam