ഖേദ പ്രകടനം നടത്തിയിട്ടും കുരുക്കഴിഞ്ഞില്ല ; രാഹുലിനെതിരായ കോടതി അലക്ഷ്യ കേസ് തീര്‍പ്പായില്ല

By Web TeamFirst Published Apr 23, 2019, 9:08 PM IST
Highlights

ഖേദം പ്രകടിപ്പിച്ചുള്ള വിശദീകരണം അംഗീകരിച്ച് കേസ് തീര്‍പ്പാക്കണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.റഫാൽ കേസിലെ പുനപരിശോധന ഹര്‍ജിക്കൊപ്പം കോടതി അലക്ഷ്യ കേസും വിശദമായി പരിശോധിക്കാൻ മാറ്റിവെച്ചു

ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതി അലക്ഷ്യ കേസ്, റഫാൽ പുനപരിശോധന ഹര്‍ജിക്കൊപ്പം പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഖേദം പ്രകടിപ്പിച്ചുള്ള വിശദീകരണം അംഗീകരിച്ച് കേസ് തീര്‍പ്പാക്കണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

റഫാൽ ഇടപാടിൽ ചൗക്കിദാര്‍ ചോറെന്ന് സുപ്രീംകോടതി കണ്ടെത്തി എന്ന പ്രചരണം വയനാട് മുതൽ അമേഠിവരെ രാഹുൽ ഗാന്ധി നടത്തിയെന്ന് കോടതി അലക്ഷ്യ ഹര്‍ജി നൽകിയ ബിജെപി നേതാവ് മീനാക്ഷി ലേഖി വാദിച്ചു. ഈ പരാമര്‍ശത്തിൽ മാപ്പ് പറയാതെ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തത്. കോടതി അലക്ഷ്യ നടപടികൾ തുടരണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. 

വാദത്തിനിടെ ആരാണ് കാവൽക്കാരനെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. രാഷ്ട്രീയ പ്രചരണം കോടതി ഉത്തരവുമായി ചേര്‍ത്തുപറഞ്ഞപ്പോൾ പിഴവ് പറ്റിയെന്നായിരുന്നു, രാഹുലിന് വേണ്ടി മനു അഭിഷേക് സിംഗ് വി അറിയിച്ചത്. കേസ് തീര്‍പ്പാക്കണമെന്ന അഭിഷേക് സിംഗ് വിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. വരുന്ന ചൊവ്വാഴ്ച റഫാൽ കേസിലെ പുനപരിശോധന ഹര്‍ജിക്കൊപ്പം കോടതി അലക്ഷ്യ കേസും വിശദമായി പരിശോധിക്കാൻ മാറ്റിവെച്ചു. രാഹുലിന് കോടതി അലക്ഷ്യത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.

റഫാൽ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ളീൻ ചിറ്റ് നൽകിയെന്ന് ബിജെപി നടത്തുന്ന പ്രചരണവും കോടതി അലക്ഷ്യമാണെന്ന് വാദത്തിനിടെ അഭിഷേക് സിംഗ് വി ചൂണ്ടാക്കാട്ടി. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സൈന്യത്തിനെതിരെയും പ്രസ്താവനകൾ നടത്തുന്ന രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജോഗീന്ദര്‍ തുലി ദില്ലി കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജനപ്രതിനിധികൾക്കായുള്ള ദില്ലിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി.

click me!