2026-ഓടെ രാജ്യത്ത് വലിയ വികസന കുതിപ്പിന് വഴിയൊരുക്കുന്ന വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. വികസിത് ഭാരത് 2047 ലക്ഷ്യത്തിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിൻ, വ്യോമയാന വിപുലീകരണം, ആണവോർജ രംഗത്തെ മുന്നേറ്റം എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകുന്നു.
പുതുവർഷത്തിൽ രാജ്യത്തിന്റെ പുരോഗതിക്കും വളർച്ചക്കുമായി കേന്ദ്ര സർക്കാർ അണിയറയിൽ തയാറാക്കുന്നത് വമ്പൻ പദ്ധതികൾ. കേന്ദ്ര ബജറ്റ്, വികസിത് ഭാരത് 2047 എന്നീ ദീർഘകാല കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതികൾ. പ്രധാന അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക രംഗത്തെ പദ്ധതികൾ എന്നിവയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി അഞ്ച് വർഷത്തെ സെക്ടറൽ ആക്ഷൻ പ്ലാനുകൾ ബജറ്റിൽ ഉൾപ്പെടുത്തും.
ആണവോർജം
ആണവോർജ രംഗത്ത് വലിയ കുതിപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനായി ശക്തി ബിൽ കഴിഞ്ഞ ലോക്സഭയിൽ പാസാക്കിയിരുന്നു. ന്യൂക്ലിയർ എനർജി മിഷൻ പ്രകാരം സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMRs) വികസിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. 2033-ഓടെ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത അഞ്ച് SMR-കൾ പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. 2026 ഇതിന്റെ ഗവേഷണത്തിൽ നിർണയക വർഷമായിരിക്കും.
എല്ലാവരും പറക്കട്ടെ
വ്യോമയാന രംഗത്തെ വിപുലീകരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി ഉഡാൻ (UDAN) പദ്ധതി വിപുലീകരിക്കും. അടുത്ത പത്ത് വർഷത്തിനുള്ളിൽ 4 കോടി യാത്രക്കാരെ ലക്ഷ്യമിട്ട് 120 പുതിയ നഗരങ്ങളിലേക്ക് വിമാന സർവീസ് വ്യാപിപ്പിക്കും. മലയോര മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹെലിപാഡുകൾ സ്ഥാപിക്കും.
കുതിക്കും ബുള്ളറ്റ് ട്രെയിൻ
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനാണ് റെയിൽവേയുടെ 2026ലെ പ്രധാന ലക്ഷ്യം. 100 കിലോമീറ്റർ വരുന്ന ആദ്യ റീച്ച് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് എന്നിവയ്ക്കും മുൻഗണന നൽകും. 2030-ഓടെ ചരക്ക് ഗതാഗതത്തിന്റെ വിഹിതം 45% ആയി ഉയർത്തും. മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട്: കപ്പൽ നിർമ്മാണം, തുറമുഖ നവീകരണം എന്നിവയ്ക്കായി 25,000 കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചു.
ഈ പദ്ധതികൾക്ക് പുറമെ, ജൽജീവൻ മിഷൻ, നാഷണൽ മാനുഫാക്ചറിങ് മിഷൻ, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ വികസനം എന്നിവയും കേന്ദ്ര സർക്കാറിന്റെ ലക്ഷ്യങ്ങളാണ്.
