കോടതി അലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണിനെ താക്കീത് ചെയ്താൽ മതിയെന്ന് എജി, താക്കീതുകൊണ്ട് എന്തുകാര്യമെന്ന് കോടതി

By Web TeamFirst Published Aug 25, 2020, 2:06 PM IST
Highlights

ഭരണപരമായ കാര്യങ്ങളിൽ മാറ്റം ആവശ്യപ്പെടുന്നതിന് ശിക്ഷ നൽകേണ്ട ആവശ്യമില്ലെന്നും എ ജി കോടതിയിൽ പറഞ്ഞു. പ്രശാന്ത് ഭൂഷൺ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ജസ്റ്റിസ് അരുൺമിശ്ര അഭിപ്രായപ്പെട്ടു.

ദില്ലി: കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകളെ അറ്റോർണി ജനറൽ കെ കെ വേണു​ഗോപാൽ സുപ്രീംകോടതിയിൽ ന്യായീകരിച്ചു. ചില മാറ്റങ്ങൾ ആവശ്യപ്പെടുന്നതാണ് ട്വീറ്റുകൾ. ഇത് പൊറുക്കാവുന്ന വിഷയമാണ്. കോടതി നടപടി താക്കീതിൽ ഒതുക്കണം. ഈ കേസിൽ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കേണ്ട ആവശ്യമില്ല. ഭരണപരമായ കാര്യങ്ങളിൽ മാറ്റം ആവശ്യപ്പെടുന്നതിന് ശിക്ഷ നൽകേണ്ട ആവശ്യമില്ലെന്നും എ ജി കോടതിയിൽ പറഞ്ഞു. പ്രശാന്ത് ഭൂഷൺ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ജസ്റ്റിസ് അരുൺമിശ്ര അഭിപ്രായപ്പെട്ടു. കോടതി കേസ് പരി​ഗണിക്കുന്നത് തുടരുകയാണ്.

ഒരു തെറ്റും ചെയ്തില്ലെന്ന് പ്രശാന്ത് ഭൂഷൺ പറയുമ്പോൾ എന്തുചെയ്യണം എന്ന് കോടതി ആരാഞ്ഞു. തെറ്റ് ചെയ്തില്ലെന്ന് പ്രശാന്ത് ഭൂഷൺ വാദിക്കുമ്പോൾ താക്കീതുകൊണ്ട് എന്തുകാര്യമാണെന്നും കോടിത എജിയോട് ചോദിച്ചു. പ്രശാന്ത് ഭൂഷണിനെതിരെ താനും കോടതി അലക്ഷ്യ കേസ് നൽകിയിരുന്നു എന്ന് എജി പറഞ്ഞു. രേഖകളിൽ തിരിമറി നടത്തി എന്ന ആരോപണത്തിനാണ് ആ കേസ് നൽകിയത്. കേസ് പിന്നീട് പിൻവലിച്ചു. ജനാധിപത്യത്തിൽ ഇത്തരം വിമർശനങ്ങൾ ആവശ്യമാണ്. അനുകമ്പയോടെയുള്ള തീരുമാനം കോടതി എടുത്താൽ അത് ബാറിനും കോടതിയുടെ അന്തസിനും നല്ലതാണ്. പ്രശാന്ത് ഭൂഷണിന്റെ പൊതുവിഷയങ്ങളിലെ ഇടപെടൽ കാണാതെ പോകരുത്. ജനങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ പ്രശാന്ത് ഭൂഷൺ ചെയ്തിട്ടുണ്ട് എന്നും എജി കോടതിയിൽ പറഞ്ഞു.

കേസിന് ആസ്പദമായതുപോലെയുള്ള കാര്യങ്ങൾ ഇനി അതുപോലെ ചെയ്യില്ലെന്ന് പ്രശാന്ത് ഭൂഷൺ പറയട്ടേ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഖേദം പ്രകടിപ്പിക്കുന്ന കാര്യം മുപ്പത് മിനിറ്റിനകം  പ്രശാന്ത് ഭൂഷണും അഭിഭാഷകൻ രാജീവ് ധവാനും ചിന്തിക്കണമെന്ന് കോടതി.  ആരോപണങ്ങൾ പിൻവലിച്ചാൽ എജിയുടെ ആവശ്യം അംഗീകരിക്കാമെന്ന് കോടതി പറഞ്ഞു. അക്കാര്യം തീരുമാനിക്കേണ്ടത് പ്രശാന്ത് ഭൂഷണാണ് എന്ന് എജി പ്രതികരിച്ചു. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞുവെന്നും എജി കോടതിയെ അറിയിച്ചു. 
 

click me!