
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഉൾപ്പടെ 19 എംഎൽഎമാർക്ക് ആശ്വാസം. എംഎൽഎമാർക്ക് എതിരായ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ തുടർ നടപടികൾ മദ്രാസ് ഹൈക്കോടതി തടഞ്ഞു. 2017 ജൂലൈയിൽ തമിഴ്‍നാട് നിയമസഭയിൽ ഗുഡ്കാ പായ്ക്കറ്റ് ഉയർത്തി കാട്ടി നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് സ്റ്റാലിൻ ഉൾപ്പടെയുള്ളവർക്ക് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നത്.
അനധികൃത പുകയില വിൽപ്പനക്ക് സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. എന്നാൽ ഗുഡ്കാ പായ്ക്കറ്റുമായി നടത്തിയ പ്രതിഷേധം സഭാ നടപടികൾക്ക് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അന്വേഷണത്തിന് പ്രിവിലേജ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ നടപടിയിൽ അടിസ്ഥാനപരമായ നിയമ പ്രശ്നങ്ങൾ ഉണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.
സ്റ്റാലിൻ ഉൾപ്പടെയുള്ളവരിൽ നിന്ന് വിശദീകരണം തേടണമെങ്കിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീണ്ടും നോട്ടീസ് അയക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാൻമസാല ഇടപാടുകാരുമായി അണ്ണാ ഡിഎംകെ വഴിവിട്ട സഹായം നൽകിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam