കോടതി അലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെ ശിക്ഷ നാളെ

By Web TeamFirst Published Aug 30, 2020, 7:34 AM IST
Highlights

മാപ്പുപറഞ്ഞാൽ നടപടി അവസാനിപ്പിക്കാമെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദ്ദേശങ്ങൾ പ്രശാന്ത് ഭൂഷണ്‍ തള്ളിയിരുന്നു. കോടതി അലക്ഷ്യ കേസിൽ പരമാവധി ആറുമാസത്തെ ശിക്ഷയാണ് നൽകാനാവുക

ദില്ലി: കോടതി അലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെരെയുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയെ പരിഹസിച്ച് ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിനാണ് പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീംകോടതി കോടതി അലക്ഷ്യത്തിന് സ്വമേധയ കേസെടുത്തത്. 

മാപ്പുപറഞ്ഞാൽ നടപടി അവസാനിപ്പിക്കാമെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദ്ദേശങ്ങൾ പ്രശാന്ത് ഭൂഷണ്‍ തള്ളിയിരുന്നു. കോടതി അലക്ഷ്യ കേസിൽ പരമാവധി ആറുമാസത്തെ ശിക്ഷയാണ് നൽകാനാവുക. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നാണ് അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ ആവശ്യപ്പെട്ടത്.

ജഡ്ജിമാരെ ആര് സംരക്ഷിക്കുമെന്നായിരുന്നു ഇത് സംബന്ധിച്ച് വാദം അവസാനിച്ച ദിവസം ജസ്റ്റിസ് അരുൺമിശ്ര ചോദിച്ചത്. വിരമിച്ച ശേഷം ഇത്തരം വിമർശനങ്ങൾ താനും കേൾക്കണം എന്നാണോ? എത്രകാലം ഇതൊക്കെ സഹിച്ച് ജഡ്ജിമാർക്കും കോടതിക്കും മുന്നോട്ടു പോകാനാകുമെന്നും അദ്ദേഹം ചോദിച്ചു. പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനകളും വിശദീകരണവും വേദനാജനകമാണ്. 30 വർഷത്തെ പരിചയ സമ്പത്തുള്ള പ്രശാന്ത് ഭൂഷണിനെ പോലെയുള്ള മുതിർന്ന അഭിഭാഷകനിൽ ഇങ്ങനെയാണോ പെരുമാറേണ്ടത്. രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മിൽ വ്യത്യാസമുണ്ട്. എല്ലാറ്റിനും മാധ്യമങ്ങൾക്ക് മുന്നിലേക്ക് പോകുന്നത് തെറ്റാണ്. അത്തരം നീക്കങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാകില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. 

click me!