
ലഖ്‌നൗ: കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശത്തിനെതിരെ തിരിച്ചടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. അമേഠിയിൽ ലട്‌ക-ഝട്‌ക (പ്രത്യേക രീതിയിലുള്ള നൃത്തരൂപം) കാണിയ്ക്കാൻ വേണ്ടി മാത്രമാണ് സ്മൃതി ഇറാനി മണ്ഡലം സന്ദർശിക്കുന്നതെന്നായിരുന്നു അജയ് റായിയുടെ പരാമർശം. ധൈര്യമുണ്ടെങ്കിൽ രാഹുൽ ഗാന്ധി 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പിലും അമേത്തിയിൽ തനിക്കെതിരെ മത്സരിക്കാൻ തയ്യാറാകണമെന്ന് സ്മൃതി ഇറാനി വെല്ലുവിളിച്ചു. നിങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കുമെന്ന് നിങ്ങളുടെ സംസ്ഥാന നേതാക്കളിൽ ഒരാളുടെ അസഭ്യവും സ്ത്രീവിരുദ്ധവുമായ ഒരു പരാമർശത്തിൽ കേട്ടു. ഈ പ്രഖ്യാപനം ശരിയാണെന്ന് ഞാൻ കരുതട്ടേ? അതോ നിങ്ങൾ അമേഠിയിൽ നിന്ന് മറ്റൊരു സീറ്റിലേക്ക് ഓടിപ്പോകില്ലേയെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ ബിജെപിയുടെ സോൻഭദ്ര വനിതാ വിഭാഗം മേധാവി പുഷ്പ സിംഗ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ദേശീയ വനിതാ കമ്മീഷൻ ഡിസംബർ 28 ന് അജയ് റായിയോട് ഹാജരാകാൻ സമൻസ് അയച്ചു.
തന്റെ പരാമർശത്തിൽ തെറ്റില്ലെന്നും ക്ഷമാപണം നടത്തില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഭാരത് ജോഡോ യാത്രക്കായി രാജസ്ഥാനിലാണ് അജയ് റായി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേത്തിയിൽ ഗാന്ധി കുടുംബം മത്സരിക്കുമെന്നും പ്രതാപം വീണ്ടെടുക്കുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് അവിടത്തെ തൊഴിലാളികളും ജനവും ആവശ്യപ്പെടുന്നു. അവിടെയുള്ള മിക്ക ഫാക്ടറികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജഗദീഷ്പൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ പകുതി ഫാക്ടറികളും അടഞ്ഞുകിടക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന എംപിയാണ് സ്മൃതി ഇറാനിയെന്ന് ബിജെപിയുടെ അമേഠി ജില്ലാ പ്രസിഡന്റ് ദുർഗേഷ് ത്രിപാഠി പറഞ്ഞു. എൻജിഒ വഴി പൊതുവിതരണത്തിനായി അവർ അയച്ച പതിനായിരത്തോളം പുതപ്പുകളും നിരവധി കാർഷിക വിത്ത് കിറ്റുകളും അമേഠിയിൽ എത്തിയതായും ബിജെപി വൃത്തങ്ങൾ പറഞ്ഞു.
'മയക്കുമരുന്ന് വിൽപനയിലെ ലാഭം ഭീകര വാദത്തിന് വളമാകുന്നു'; അമിത് ഷാ ലോക്സഭയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam