
ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വെടിവച്ച് കൊന്ന സംഭവത്തിൽ വഴിത്തിരിവ്. ഭാര്യയെ കൊല്ലാൻ സഹായം ആവശ്യപ്പെട്ട് ഭർത്താവ് ബാലമുരുകൻ സേലം സ്വദേശിയായ വാടക കൊലയാളിയെ ബന്ധപ്പെട്ടുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ സേലം സ്വദേശി മൗലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 23നാണ് കുടുംബ പ്രശ്നങ്ങളെ തുടർന്ന് തന്നിൽ നിന്ന് അകന്ന് കഴിയുകയായിരുന്ന ഭുവനേശ്വരിയെ ഭർത്താവ് ബാലമുരുകൻ നടുറോഡിൽ വെടിവച്ച് കൊന്നത്.
ബാങ്ക് ഉദ്യോഗസ്ഥയായ ഭുവനേശ്വരി ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ ആളൊഴിഞ്ഞ ഇടത്ത് തടഞ്ഞുനിർത്തി ബാലമുരുകൻ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഭുവനേശ്വരി തത്ക്ഷണം മരിച്ചു. പിന്നാലെ ബാലമുരുകൻ പൊലീസ് സ്റ്റേഷനിലെത്തി തോക്കുമായി കീഴടങ്ങിയിരുന്നു. ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണമാണ് ഇപ്പോൾ മറ്റൊരു അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. സേലം സ്വദേശി മൗലേഷ് എന്ന ഗുണ്ടയാണ് അറസ്റ്റിലായത്. ഭാര്യയെ കൊല്ലാൻ സഹായം തേടി മൗലേഷിനെ സമീപിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബാലമുരുകൻ വെളിപ്പെടുത്തുകയായിരുന്നു.
ഇതിനായി പണവും കൈമാറി. പിന്നാലെ മൗലേഷ് തോക്ക് നൽകി ബാലമുരുകനെ തിരിച്ചയച്ചു. നേരിട്ടെത്താമെന്നും സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്ത് വച്ച് കൊലപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം. മൗലേഷ് ബെംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടതോടെ നേരിട്ട് കൊലപ്പെടുത്താൻ ബാലമുരുകൻ തീരുമാനിക്കുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം. മഗഡി റോഡ് പൊലീസാണ് സേലത്തെത്തി മൗലേഷിനെ അറസ്റ്റ് ചെയ്തത്. ബാലമുരുകൻ റിമാൻഡിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam