
ദില്ലി: കൊറോണ ഭീഷണിയെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയർ ഇന്ത്യയുടെ ആദ്യ ജംബോ വിമാനം വുഹാനിൽ എത്തി. ചൈനയിൽ കുടുങ്ങിയ 366 പേരെയാണ് നാളെ ഇന്ത്യയിലെത്തിക്കുക. മടങ്ങിയെത്തുന്നവരെ മനേസറിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികൾക്കായി സഫ്ദർ ജങ് ആശുപത്രിയിൽ 50 കിടക്കകളും ആരോഗ്യമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ രാവിലെയോടെ ദില്ലിയിലെത്തും. വുഹാനില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എയര്‍ ഇന്ത്യ ബോയിങ് 747 വിമാനം ഇന്ത്യയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഞ്ചംഗ ഡോക്ടര്‍മാര്‍ വിമാനത്തിലുണ്ട്. ആദ്യ സംഘത്തില്‍ മലയാളികളും ഉണ്ടാകുമെന്നാണ് സൂചന. വിമാനത്താവളത്തില്‍ ആംഡ് ഫോഴ്സ് മെഡിക്കൽ സർവിസും എയർപോർട്ട് ഹെൽത്ത് അതോറിറ്റിയും പ്രാഥമിക പരിശോധനകള്‍ നടത്തും.
രോഗ ലക്ഷണം കാണിക്കുന്നവരെ ദില്ലി കന്റോൺമെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മറ്റും. മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും. അതിനായി ഗുഡ്ഗാവ് മനേസ്വറിലും ദില്ലി ചാവ്ലയിലെ ഇന്‍ഡോ ടിബറ്റന്‍ ബോഡര്‍ പൊലീസ് ക്യാമ്പിലും ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മനേസ്വറില്‍ മുന്നൂറ് പേര്‍ക്ക് താമസിക്കാം. ഇവിടെയ്ക്ക് പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയക്കൂ.
രണ്ടാമത്തെ വിമാനം നാളെ വുഹാനിലേക്ക് പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam