Covid India : രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി

Published : Apr 20, 2022, 10:48 AM ISTUpdated : Apr 20, 2022, 03:20 PM IST
Covid India : രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി

Synopsis

ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. 

ദില്ലി: രാജ്യത്ത് കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ അറുപത് ശതമാനം അധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. 40 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. 632 പേർക്കാണ് തലസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. 488 പേർക്കാണ് കേരളത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായി. നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണ്ണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം  ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500  രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്.  പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം,  എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.

 'കൊവിഡ് കണക്ക് നല്‍കുന്നില്ലെന്നത് തെറ്റായ പ്രചാരണം, കണക്ക് കൊടുക്കുന്നുണ്ട്'; വിശദീകരണവുമായി ആരോഗ്യമന്ത്രി

കൊവിഡ് കണക്കെടുപ്പ് കേരളം നിർത്തിയെന്ന കേന്ദ്രവിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്. കണക്കുകൾ കൃത്യമായി കേന്ദ്രത്തിന് കൈമാറുന്നുണ്ട്. പുറമേ പ്രസിദ്ധീകരിക്കുന്നില്ലെന്ന് മാത്രമാണുള്ളതെന്നും വീണ ജോർജ് പറഞ്ഞു. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു.  ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കൊവിഡ് റിപ്പോർട്ട് ഉണ്ടാകും. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചിരുന്നു.

അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്. കൊവിഡ് കണക്കുകള്‍ കൃത്യാമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിർണായകമാണെന്നും കത്തിൽ പറഞ്ഞിരുന്നു. ഏപ്രിൽ പതിമൂന്ന് മുതൽ പതിനേഴ് വരെ കേരളം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങളും ഇന്നലെയാണ് സംസ്ഥാനം പുറത്തുവിട്ടത്. കണക്ക് പ്രസിദ്ധീകരിച്ച സംസ്ഥാന സക്കാരിന്‍റെ തീരുമാനത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചതെന്നും വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു അന്ന് ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി
ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും