
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് ഗവർണ്ണർമാരുമായി ചർച്ച നടത്തും. കൊവിഡ് നിയന്ത്രണ പരിപാടികളിൽ മുഖ്യമന്ത്രിമാർക്കൊപ്പം ഗവർണ്ണർമാരെയും പങ്കാളികളാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണിത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചർച്ചയിൽ പങ്കെടുക്കും. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.
മഹാരാഷ്ട്രയിൽ പൊതുപരിപാടികൾ വിലക്കി. ആരാധനാലയങ്ങിലും, സിനിമാഹാളിലും, പാർക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യസർവീസുകൾക്കും ബാങ്കിംഗ് മേഖലയ്ക്കും ഇളവുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. രോഗവ്യാപനം പിടിച്ച് നിർത്താനായില്ലെങ്കിൽ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി. ഇന്നലെ അറുപതിനായിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഓക്സിജൻ ക്ഷാമം രൂക്ഷമായതിനാൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിക്കാൻ സർക്കാർ വ്യോമസേനയുടെ സഹായം തേടി.
രാജ്യത്ത് കൊവിഡ് കൂടുതൽ രൂക്ഷമാവുകയാണ്. ആറ് ദിവസമായി പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവർത്തിച്ചു. അതിനിടെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ശനിയാഴ്ച ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കൊവിഡ് നിയന്ത്രണ പരിപാടികളിൽ ഗവർണ്ണർമാർക്കും പ്രാതിനിധ്യം നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam