Latest Videos

കൊറോണ വൈറസ്; ഹോങ്കോങ്ങിലേക്കുള്ള സർവ്വീസ് നിർത്തിവയ്ക്കാൻ എയർ ഇന്ത്യ തീരുമാനം

By Web TeamFirst Published Feb 4, 2020, 1:15 PM IST
Highlights

ഹോങ്കോങ്ങിൽ കൊറോണ ബാധയെത്തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗത്തിന്‍റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നെത്തിയ 39 കാരനാണ് രോഗത്തിന് കീഴടങ്ങിയത്.

ദില്ലി: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഹോങ്കോങ്ങിലേക്കുള്ള സർവ്വീസുകൾ നിർത്തിവയ്ക്കാൻ എയർ ഇന്ത്യ ഉത്തരവിട്ടു. ഫെബ്രുവരി ഏഴിന് ശേഷമുള്ള സർവ്വീസുകൾ നിർത്തിവയ്ക്കാനാണ് തീരുമാനം. ഹോങ്കോങ്ങിൽ കൊറോണ ബാധയെത്തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗത്തിന്‍റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നെത്തിയ 39 കാരനാണ് രോഗത്തിന് കീഴടങ്ങിയത്. ചൈനയ്ക്ക് പുറത്ത് സംഭവിക്കുന്ന രണ്ടാമത്തെ കോറോണ വൈറസ് മരണമാണ് ഇത്. 

ഫിലിപ്പൈൻസിലാണ് ചൈനയ്ക്ക് പുറത്തുള്ള ആദ്യ കൊറോണ ബാധിത മരണം സംഭവിച്ചത്. ഇതിനിടെ കൊറോണ വൈറസ് ബാധ തടയുന്നതിൽ വീഴ്ച സംഭവിച്ചതായി ചൈന സമ്മതിച്ചു. കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയിൽ 20,400 പേർക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ചൈനക്ക് പുറത്ത് 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയുമായുള്ള അതിർത്തിയിലെ 13 പാതകളിൽ 10ഉം ഹോങ്കോങ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദർശിച്ചവർക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പടർത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തിൽ വ്യാജ വാർത്തകൾ തടയാൻ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു. കോറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ തന്നെ ആദ്യം കിട്ടാൻ ഗൂഗിളുമായി ധാരണയായി. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാർത്തകൾ തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള മൂന്ന് കൊറോണ കേസുകളും കേരളത്തിൽ നിന്നാണ്.  സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. 

click me!