Covid Vaccination : പന്ത്രണ്ടിനും പതിനാലിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ മാർച്ച് മുതൽ

By Web TeamFirst Published Jan 17, 2022, 3:39 PM IST
Highlights

പതിനഞ്ച് വയസിന് മുകളിലുള്ള കൌമാരക്കാരിലെ വാക്സീനേഷൻ ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നും വാക്സീനേഷൻ ഉപദേശക സമിതി തലവൻ ഡോ.എൻ.കെ. അറോറ വ്യക്തമാക്കി. 

ദില്ലി: കൊവിഡിനെതിരായ (Covid 19) വാക്സീനേഷനിലെ (Vaccine) അടുത്ത പടിയായി പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളിലും കുത്തിവെപ്പ് തുടങ്ങാൻ ഒരുങ്ങുകയാണ് രാജ്യം. പന്ത്രണ്ടിനും പതിനാലിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചു. പതിനഞ്ച് വയസിന് മുകളിലുള്ള കൌമാരക്കാരിലെ വാക്സീനേഷൻ ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നും വാക്സീനേഷൻ ഉപദേശക സമിതി തലവൻ ഡോ.എൻ.കെ. അറോറ വ്യക്തമാക്കി. 

പതിനഞ്ചിനും പതിനെട്ടിനുമിടയിലുള്ള മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേർ ഇതുവരെ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. ഈ വിഭാഗത്തിൽ രാജ്യത്ത് ആകെയുള്ളത് ഏഴ് കോടി പേരാണ്. മുഴുവൻ പേരുടെയും ആദ്യ ഡോസ് വാക്സീനേഷൻ ജനുവരി അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഫെബ്രുവരിയിൽ തന്നെ രണ്ടാമത്തെ ഡോസ് നൽകി തുടങ്ങും. അത് പൂർത്തിയാകുന്നതോടെ 12 നും 14നും ഇടയിലുള്ള കുട്ടികളിലെ വാക്സീനേഷൻ തുടങ്ങുമെന്നും വാക്സീനേഷനുള്ള ദേശീയ ഉപദേശക സമിതിയായ എൻ.ടി.എ.ജി.ഐ തലവൻ ഡോ എൻ.കെ അറോറ പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ള 70 ശതമാനം പേരും വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

 

സ്കൂളുകളില്‍ മറ്റന്നാള്‍ മുതല്‍ വാക്സീന്‍; 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക്

അതേസമയം വാക്സീൻ സർട്ടിഫിക്കറ്റ് ഒരു കാര്യത്തിനും നിർബന്ധമാക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നിർബന്ധിച്ച് ആരെയും വാക്സീനേഷന് വിധേയരാക്കില്ലെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. ഭിന്നശേഷിക്കാരിലെ വാക്സീനേഷനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

click me!