നവംബറില്‍ ഭാവി നിര്‍ണയിക്കുന്ന നാല് 'വിധി'കള്‍: ആകാംക്ഷയോടെ രാജ്യം

By Web TeamFirst Published Nov 2, 2019, 5:58 PM IST
Highlights

രാജ്യത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന നാല് സുപ്രീം കോടതി വിധികളാണ് നവംബര്‍ മാസത്തിലെ ആദ്യ രണ്ടാഴ്ചക്കകം പുറപ്പെടുവിക്കുക. നവംബര്‍ നാല് മുതല്‍ വിധികള്‍ പുറത്തുവരുമെന്നാണ് സൂചന. 
 

ദില്ലി: നവംബര്‍ മാസത്തിലെ 10 പ്രവൃത്തി ദിനങ്ങളില്‍ എന്തുസംഭവിക്കുമെന്ന് കാത്തിരിക്കുകയാണ് രാജ്യം. രാജ്യത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന നാല് സുപ്രീം കോടതി വിധികളാണ് നവംബര്‍ മാസത്തിലെ ആദ്യ രണ്ടാഴ്ചക്കകം പുറപ്പെടുവിക്കുക. നവംബര്‍ നാല് മുതല്‍ വിധികള്‍ പുറത്തുവരുമെന്നാണ് സൂചന. 

അയോധ്യ ഭൂമി തര്‍ക്ക കേസ്

1858 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഈ മാസം വിധിയുണ്ടായേക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാരത്തണ്‍ വാദം കേള്‍ക്കലിന് ശേഷം, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും മുമ്പ് വിധിയുണ്ടായേക്കും. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തുടര്‍ച്ചയായി 40 ദിവസം വാദം കേട്ടത്. വിധി രാജ്യത്തുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ-സാമൂഹിക പ്രത്യഘാതങ്ങള്‍ നേരിടാന്‍ വന്‍ സുരക്ഷ സന്നാഹമാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ ഒരുക്കുന്നത്. 

ശബരിമല റിവ്യൂ ഹര്‍ജികള്‍

ഏറെ വിവാദമായ ശബരിമലയില്‍ യുവതീ പ്രവേശനത്തിന്  അനുമതി നല്‍കിയ വിധിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ റിവ്യൂ ഹര്‍ജിയും സുപ്രീം കോടതി ഈ മാസം പരിഗണിച്ചേക്കും. കഴിഞ്ഞ വര്‍ഷമാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന ചരിത്ര വിധി സുപ്രീം കോടതി ഭരണഘടന ബെഞ്ച്  പുറപ്പെടുവിച്ചത്. തുടര്‍ന്ന് വിധി നടപ്പാക്കാന്‍ തയ്യാറായ സര്‍ക്കാറിനെതിരെ വിവിധ സംഘടനകള്‍ സമരത്തിനിറങ്ങിയത് രാജ്യവ്യാപക ശ്രദ്ധനേടിയിരുന്നു. വിധിയെയും സര്‍ക്കാര്‍ നടപടിയെയും ചോദ്യം ചെയ്ത് നിരവധി സംഘടനകളാണ് റിവ്യൂ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 57 റിവ്യൂ ഹര്‍ജികളാണ് ശബരിമല വിധിക്കെതിരെ കോടതിയില്‍ ഫയല്‍ ചെയ്തത്. 

വിവരാവാകാശ പരിധിയില്‍ സുപ്രീം കോടതി ജഡ്ജി?

സുപ്രീം കോടതി ജഡ്ജിയുടെ ഓഫീസ് വിവാരാവകാശ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ നല്‍കിയ പരാതിയിലും ഈ മാസം വിധി പറയും. ഏപ്രില്‍ നാലിവ് വിധി നവംബറിലേക്ക് മാറ്റിയിരുന്നു. ദില്ലി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടന ബെഞ്ചാണ് വിധി പറയുക. 

റാഫേല്‍ ആയുധ ഇടപാട് റിവ്യൂ ഹര്‍ജികള്‍

ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച റാഫേല്‍ വിമാനക്കരാറിലെ റിവ്യൂ ഹര്‍ജികളിന്മേലുള്ള വിധിയും ഈ മാസം ഉണ്ടാകും. ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ പ്രതിപക്ഷവും വിവിധ വ്യക്തികളും നല്‍കിയ റിവ്യൂ ഹര്‍ജികളിന്മേലാണ് വിധി പറയുക. 

click me!