വീടിനുള്ളില്‍ സ്ഥിരമായി മൂര്‍ഖന്‍ പാമ്പ്, നിധിയാണെന്ന് മലയാളി മന്ത്രവാദി; ദമ്പതികള്‍ക്ക് സംഭവിച്ചത്

By Web TeamFirst Published Sep 23, 2021, 9:28 AM IST
Highlights

ആദ്യം വീട്ടിനുള്ളില്‍ പാമ്പിനെ കണ്ടപ്പോള്‍ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നു. എന്നാല്‍ തുടര്‍ന്നും വീടിനുള്ളില്‍ പാമ്പുകളെത്തിയതോടെയാണ് ദമ്പതികള്‍ മന്ത്രവാദിയുടെ സഹായം തേടിയത്.

വീട്ടിനുള്ളില്‍ കൃത്യമായ ഇടവേളകളില്‍ മൂര്‍ഖന്‍ പാമ്പിനെ (Cobra) കണ്ടതിനെ തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് മലയാളി മന്ത്രവാദിയെ (witchcraft) സമീപിച്ച കുടുംബത്തിന് പിണഞ്ഞത് വന്‍ അമളി. സ്ഥിരമായി പാമ്പിനെ കാണുന്നത് നിധിയുള്ള (Treasure) സ്ഥലത്തായിരിക്കുമെന്നും പാമ്പിനെ കണ്ട സ്ഥലം തുരന്നുനോക്കാനുമായിരുന്നു മലയാളിയായ മന്ത്രവാദി നിര്‍ദ്ദേശിച്ചത്. ഇതിനായി വീട്ടിലെത്തി നിധിയുടെ കാവല്‍ക്കാരായ പാമ്പുകളെ പ്രീതിപ്പെടുത്താനുള്ള പൂജകളും ഇയാള്‍ ചെയ്തുകൊടുത്തു.

കര്‍ണാടകയിലെ ചാമരാജ് നഗറിലെ അമ്മന്‍പുരയിലുള്ള ദിവസവേതനക്കാരായ കുടുംബത്തിനാണ് അമളി പിണഞ്ഞത്. ആദ്യം വീട്ടിനുള്ളില്‍ പാമ്പിനെ കണ്ടപ്പോള്‍ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നു. എന്നാല്‍ തുടര്‍ന്നും വീടിനുള്ളില്‍ പാമ്പുകളെത്തിയതോടെയാണ് ദമ്പതികള്‍ മന്ത്രവാദിയുടെ സഹായം തേടിയത്. മന്ത്രവാദിയുടെ നിര്‍ദ്ദേശമനുസരിച്ച് വീടിനുള്ളില്‍ 20 അടിയിലേറെ ആഴത്തിലാണ് ഇവര്‍ നിധി തേടി തുരന്നുനോക്കിയത്.

അയല്‍വാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുഴിച്ചെടുത്ത മണ്ണ് വീട്ടിലെ മറ്റുമുറികളില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ രാത്രി വൈകിയും വീട്ടില്‍ നിന്ന് കേട്ട ശബ്ദങ്ങളേക്കുറിച്ച് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചതിന് പിന്നാലെയാണ് നിധി വേട്ടയ്ക്ക് അന്ത്യമായത്. പൊലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മുറിയിലെ കുഴികളും മറ്റുമുറികളില്‍ മണ്ണ് നിറഞ്ഞ അവസ്ഥയും ശ്രദ്ധിക്കുന്നത്.

കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ പൊലീസ് ദമ്പതികളോട് അവര്‍ക്ക് പറ്റിയ അബദ്ധത്തേക്കുറിച്ച്  പറഞ്ഞു മനസിലാക്കിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. 20 അടിയോളം തുരന്നിട്ടും മന്ത്രവാദി പറഞ്ഞതുപോലെ ഒന്നും കണ്ടെത്താനാവാത്തതിന്‍റെ നിരാശയിലാണ് ദമ്പതികളുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!