
ലക്നൗ: അയോധ്യ പുസ്തക വിവാദത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ (salman khurshid) കേസ് എടുക്കാൻ ലക്നൗ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി ലക്നൗ സ്വദേശി നൽകിയ ഹർജിയിലാണ് പരാതി. കേസിൽ അന്വേഷണം നടത്താനും പൊലീസിന് കോടതി നിർദേശം നൽകി.
ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ അയോധ്യവുമായി ബന്ധപ്പെട്ട പുസ്തക വിവാദം കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കുന്നത്. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വം, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയെന്നാണ് പുസ്തക്തത്തിലെ പരാമർശം.
സംഭവം ബിജെപി കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി. സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും പരാമര്‍ശത്തെ സോണിയാ ഗാന്ധി വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഖുര്‍ഷിദിന്റെ നിലപാടില്‍ വസ്തുതാപരമായ തെറ്റുണ്ടെന്ന് ഉപമ അതിശയോക്തി നിറഞ്ഞതെന്നും ഗുലാം നബി ആസാദും വിമര്‍ശിച്ചിരുന്നു. എന്നാൽ ഖുര്‍ഷിദിനെ പിന്തുണച്ചും ഗുലാം നബി ആസാദിനെ തള്ളിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam