
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്‍റെ കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി. കേസുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി നാളെ പരിഗണിച്ചതിന് ശേഷമായിരിക്കും ഇടക്കാല ജാമ്യത്തിൽ സിബിഐ പ്രത്യേക കോടതി നാളെ വാദം കേൾക്കുക.
അത്യന്തം നാടകീയമായ നീക്കങ്ങളാണ് ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഉണ്ടായത്. ഉച്ചയ്ക് 1 മണിയോടെയാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് വിടേണ്ടെന്ന തീരുമാനം സുപ്രീം കോടതിയിൽ നിന്നുണ്ടായത്.
ചിദംബരത്തെ തിഹാറിലേക്ക് അയക്കുന്നത് തടഞ്ഞതിനെതിരെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.എഴുപത്തിനാല് വയസുള്ള ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കരുതെന്നായിരുന്നു ചിദംബരത്തിനായി വാദിച്ച കപിൽ സിബൽ ആവശ്യപ്പെട്ടത്. എന്നാൽ എന്ത് അസാധാരണത്വമാണ് ചിദംബരം കേസിലുള്ളതെന്നും തുഷാർ മേത്ത തിരിച്ച് ചോദിച്ചു.
ജാമ്യ ഹർജിയിൽ മറുപടി നൽകാൻ സോളിസിറ്റർ ജനറൽ 10 ദിവസത്തെ സമയം ആവശ്യപ്പെട്ടു. എന്നാൽ ജാമ്യോപക്ഷയിൽ ഇന്ന് തന്നെ തീരുമാനമുണ്ടാക്കണം എന്നാണ് സുപ്രീം കോടതി ഉത്തരവ് എന്ന് ചിദംബരത്തിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒടുവിൽ ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി പ്രത്യേക കോടതി നാളെ വരെ നീട്ടി.
ഇതിനിടെ പി ചിദംബരത്തിന്‍റെ ഭാര്യയും മുതിർന്ന അഭിഭാഷകയുമായ നളിനി ചിദംബരം സിബിഐ കോടതിയിൽ വച്ച് ചിദംബരത്തിന് കമ്പരാമായണത്തിന്‍റെ പകർപ്പ് വായിക്കാനായി നൽകിയതും കൗതുകമായി.
മുൻകൂർ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സെപ്റ്റംബർ 5-നാണ് വിധി പറയുക. അതുവരെ എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്. ചിദംബരത്തിനെതിരായ തെളിവുകൾ എൻഫോഴ്‍സ്മെന്‍റ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam