വദ്രയെ ലണ്ടനിലേയ്ക്ക് അയക്കരുതെന്ന് എന്‍ഫോഴ്സമെന്‍റ്; യുഎസ്എയിലേക്കും നെതര്‍ലന്‍ഡിലേക്കും അനുമതി നല്‍കി കോടതി

By Web TeamFirst Published Jun 3, 2019, 12:45 PM IST
Highlights

ലണ്ടനിൽ പോകാൻ അനുവദിക്കരുത് എന്ന നിലപാടിൽ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഉറച്ചു നിന്നതോടെ പകരം യുഎസ്എയിലും നെതർലൻഡ്സിലും പോകാൻ അനുവദിക്കണം എന്ന് വദ്രയുടെ അഭിഭാഷകൻ  ആവശ്യപ്പെടുകയായിരുന്നു

ദില്ലി: റോബര്‍ വദ്രയ്ക്ക് വിദേശത്ത് പോകാന്‍ അനുമതി. യുഎസ്എയിലേക്കും നെതര്‍ലന്‍ഡിലേക്കും പോകാനാണ് അനുമതി ലഭിച്ചത്. ആറു ആഴ്ചയാണ് യാത്രക്കായി കോടതി അനുവദിച്ചത്. ലണ്ടനിൽ പോകാൻ അനുവദിക്കരുത് എന്ന നിലപാടിൽ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഉറച്ചു നിന്നതോടെ പകരം യുഎസ്എയിലും നെതർലൻഡ്സിലും പോകാൻ അനുവദിക്കണം എന്ന് വദ്രയുടെ അഭിഭാഷകൻ  ആവശ്യപ്പെട്ടു. ദില്ലി റോസ് എവന്യു പ്രത്യേക സി ബി ഐ കോടതി ആണ് വദ്രക്കു വിദേശ യാത്ര അനുമതി നൽകിയത്.

ലണ്ടനിൽ ചികില്‍സയ്ക്ക് പോകാനായി പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് വദ്ര കോടതിയെ സമീപിച്ചത്. എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റായിരുന്നു വദ്രയുടെ പാസ്പോര്‍ട്ട് തടഞ്ഞുവച്ചത്. റോബര്‍ട്ട് വദ്ര നല്‍കിയ ഹര്‍ജി ദില്ലി കോടതി നേരത്തെ വിധി പറയാന്‍ മാറ്റി വച്ചിരുന്നു. വൻകുടലിൽ ട്യൂമറിന് ചികില്‍സക്കായി ലണ്ടനില്‍ പോകാൻ അനുവദിക്കണം എന്നായിരുന്നു വദ്രയുടെ ആവശ്യം. എന്നാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇതിനെ എതിര്‍ത്തിരുന്നു. 

ഗംഗാറാം ആശുപത്രി മെയ് 13  ന് നല്‍കിയ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. ഇത്രയും  വൈകി എന്തു കൊണ്ടാണ് രേഖകള്‍ ഹാജരാക്കിയതെന്ന് എന‍്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദിച്ചു. മാത്രമല്ല, ഇന്ത്യയില്‍ ഇതിന് മികച്ച ചികില്‍സ ലഭ്യമാണെന്നും വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും എന‍്ഫോഴ്സ്മെന്‍റ്  വാദിച്ചിരുന്നു. എന്നാല്‍ ലണ്ടനിലെ ആശുപത്രിയില്‍ നിന്ന് വിദഗ്ദ ഉപദേശം സ്വീകരിക്കണം എന്നാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു വദ്രയുടെ അഭിഭാഷകന്‍റെ പ്രതികരണം.

click me!