ദില്ലി കലാപം; മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന് വിവാഹത്തിനായി ഇടക്കാല ജാമ്യം

By Web TeamFirst Published May 30, 2020, 10:37 PM IST
Highlights

വിവാഹത്തിനായി 30 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഇസ്രതിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി നിരസിച്ചു. 

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇസ്രത് ജഹാന് ഇടക്കാല ജാമ്യം. ജൂണ്‍ 12 ന് സ്വന്തം വിവാഹം നടക്കാനിരിക്കുന്നതിനാലാണ് ഇസ്രത് ജഹാന് കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇക്കാലയളവില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. 

വിവാഹത്തിനായി 30 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഇസ്രതിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി നിരസിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.  തങ്ങളുടെ കക്ഷി ജാമ്യകാലയളവില്‍ തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കില്ലെന്ന് അഭിഭാഷകര്‍ കോടതിക്ക് ഉറപ്പുനല്‍കി.  

ഫെബ്രുവരിയിലെ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഭീകര വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ഇസ്രത് ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്രത് ജഹാനെ കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെന്ന് കാണിച്ച് അഭിഭാഷകരായ തുഷാര്‍ ആനന്ദും മനു പ്രഭാകരും  കോടതിയില്‍ മറ്റൊരു ഹര്‍ജി ഫയല്‍  ചെയ്തിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ പിന്തുണയ്ക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്നുാണ് ഹര്‍ജിയില്‍ പറയുന്നത്.

click me!