
ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി വാരാണസി കോടതി തള്ളി. രാഹുൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ ഇന്ത്യൻ പാര്‍ലമെന്‍റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ല, ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടു, താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തി എന്നടക്കം ഗുരുതര ആരോപണങ്ങളാണ് ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളിൽ രാഹുല്‍ ഗാന്ധി തുറന്നടിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങൾ നടത്തിയ രാഹുലിനെ പാർലമെന്റ് അയോഗ്യനാക്കണമെന്ന ആവശ്യമാണ് ബിജെപി ഇപ്പോൾ ഉയർത്തുന്നത്.