അഞ്ച് മിനുട്ടിനുള്ളിൽ കൊവാക്സിനും കൊവിഷീൽഡും നൽകി, ബിഹാറിൽ സ്ത്രീ നിരീക്ഷണത്തിൽ, നഴ്സുമാ‍ർക്കെതിരെ നടപടി

By Web TeamFirst Published Jun 19, 2021, 5:31 PM IST
Highlights

കൊവിഷീൽഡ് എടുത്തതിന് ശേഷം ഉദ്യോ​ഗസ്ഥർ പറഞ്ഞത് പ്രകാരം അഞ്ച് മിനുട്ട് നിരീക്ഷണത്തിൽ ഇരിക്കുകയായിരുന്നു താനെന്നും ഇതിനിടെ മറ്റൊരു നഴ്സ് വന്ന് കൊവാക്സിൻ എടുത്തിട്ട് പോയെന്നും

പാറ്റ്ന: അഞ്ച് മിനുട്ട് ഇടവേളയിൽ കൊവാക്സിനും കൊവിഷീൽഡും സ്വീകരിച്ച സ്ത്രീ ബിഹാ‍റിൽ നിരീക്ഷണത്തിൽ. നഴ്സുമാരുടെ അശ്രദ്ധയിൽ സുനില ദേവി എന്ന സ്ത്രീയ്ക്കാണ് രണ്ട് വ്യത്യസ്ത വാക്സിനുകൾ അഞ്ച് മിനുട്ട് ഇടവേളയിൽ കുത്തിവച്ചത്. സുനില ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ജൂൺ 16ന് പറ്റ്നയിലെ ​​പുൻപുൻ ബ്ലോക്കിലെ ഒരു ​ഗ്രാമത്തിൽ സംഭവം നടന്നത്. 

ജൂൺ 16 ന് വാക്സിൻ നൽകുന്ന സ്കൂളിലേക്ക് കുത്തിവെപ്പിനായി പോയതായിരുന്നു സുനില ദേവി. രെജിസ്ട്രേഷൻ കഴി‍ഞ്ഞ് ക്വൂവിൽ നിന്ന് കൊവിഷീൽഡ് എടുത്തതിന് ശേഷം ഉദ്യോ​ഗസ്ഥർ പറഞ്ഞത് പ്രകാരം അഞ്ച് മിനുട്ട് നിരീക്ഷണത്തിൽ ഇരിക്കുകയായിരുന്നു താനെന്നും ഇതിനിടെ മറ്റൊരു നഴ്സ് വന്ന് കൊവാക്സിൻ എടുത്തിട്ട് പോയെന്നും സുനില ദേവി ഇന്ത്യാടുഡെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഞാൻ നിരീക്ഷണത്തിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു നഴ്സ് വന്ന് എനിക്ക് വാക്സിൻ നൽകുന്നുവെന്ന് പറഞ്ഞു. ഞാൻ അവരോട് അഞ്ച് മിനുട്ട് മുമ്പ് കൊവാക്സിൻ സ്വീകരിച്ചതാണെന്ന് അറിയിച്ചു. അപ്പോൾ അത് കാര്യമാക്കാതെ, അതേ കയ്യിൽ മറ്റൊന്ന് കൂടി എടുക്കണമെന്ന് പറഞ്ഞ് നഴ്സ് വാക്സിൻ എടുക്കുകയായിരുന്നു - സുനിലാ ദേവി പറഞ്ഞു. 

വാക്സിനേഷൻ ക്യാംപിലെ നഴ്സുമാരായ ചഞ്ചല ദേവി, സുനിത കുമാരി എന്നിവരോട് ആരോ​ഗ്യവകുപ്പ് വിശദീകരണം ചോദിച്ചു. സംഭവം പുറത്തെത്തിയതോടെ സുനില കുമാരി ആരോ​ഗ്യവിദ​ഗ്ധരുടെ നിരീക്ഷണത്തിലാണ്. 

click me!