
മുംബൈ: ധാരാവിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. വെള്ളിയാഴ്ച 15 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു . ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് വിളിപ്പേരുള്ള ധാരാവിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 101 ആയി. പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് 19 ബാധിച്ച് 62 വയസ്സുള്ള ഒരാൾ കൂടി മരിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. എട്ട് ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ സാമൂഹിക അകലം പാലിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആരോഗ്യ പ്രവർത്തകർ ആശങ്ക രേഖപ്പെടുത്തി.
ഇവിടം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുപോലെ ധാരാവിയിൽ 9 കണ്ടൈൻമെന്റ് ഏരിയകൾ വേർതിരിച്ചിട്ടുണ്ട്. പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് അകത്തേയ്ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ആളുകളോട് വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ 2073 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam