എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർവകലാശാലകൾക്ക് യുജിസി നിർദേശം

Web Desk   | Asianet News
Published : Mar 19, 2020, 01:09 PM ISTUpdated : Mar 19, 2020, 04:41 PM IST
എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർവകലാശാലകൾക്ക് യുജിസി നിർദേശം

Synopsis

ഈ മാസം 31-ാം തീയതി വരെ മൂല്യനിർണയ ക്യാമ്പുകളും നടത്തരുത് എന്നാണ് യുജിസി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കേരള, എംജി, കാലിക്കറ്റ് സർവകലാശാലകളുടെ പരീക്ഷകൾ കൊവിഡ് കാലത്തും നടക്കുന്നതിൽ പ്രതിഷേധമുയർന്നിരുന്നു.

ദില്ലി/ തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. നിലവിൽ നടക്കുന്ന പരീക്ഷകൾ അടക്കം എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനാണ് യുജിസി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 31 വരെ മൂല്യനിർണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിലും കേരള, എംജി സർവകലാശാലകൾ പരീക്ഷകൾ മാറ്റി വയ്ക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. എല്ലാ മുൻകരുതലുകളും സ്വീകരിച്ച് പരീക്ഷകൾ നടത്താനാണ് തീരുമാനമെന്നായിരുന്നു മന്ത്രി കെ ടി ജലീൽ ഇന്ന് രാവിലെയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അതേസമയം, കാലിക്കറ്റ് സർവകലാശാല കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകൾ നടത്തേണ്ടെന്ന് തീരുമാനമെടുത്തിരുന്നു.

ഇതനുസരിച്ച് കേരള, എംജി, കാലിക്കറ്റ് സർവകലാശാലകളാണ് ഇനി തുടർനടപടി സ്വീകരിക്കേണ്ടത്. നിലവിൽ നടക്കാനിരിക്കുന്നതും, നടക്കുന്നതുമായ പരീക്ഷകൾ മാറ്റി വയ്ക്കേണ്ടി വരും. എന്നത്തേക്കാണ് മാറ്റി വയ്ക്കുന്നതെന്ന, പുതുക്കിയ തീയതികൾ ഇനി പ്രഖ്യാപിക്കേണ്ടതും സർവകലാശാലകളാണ്.

മാർച്ച് 31- ന് ശേഷമേ ഇനി പരീക്ഷ നടത്താവൂ എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ മൂല്യനിർണയക്യാമ്പുകളും മാർച്ച് 31-ന് ശേഷം നടത്തുന്ന തരത്തിൽ മാറ്റണം. ഇതിന്‍റെ പേരിൽ കൃത്യമായി വിദ്യാർത്ഥികളോടും അധ്യാപകരോടും ആശയവിനിമയം നടത്തണം. ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിച്ച് അവർക്ക് കൃത്യമായ വിവരം നൽകണം. വിദ്യാർത്ഥികളെയോ രക്ഷിതാക്കളെയോ അധ്യാപകരെയോ ആശങ്കയിലാക്കരുത്. സംശയങ്ങൾക്ക് മറുപടി നൽകാൻ അടിയന്തരമായി ഹെൽപ് ലൈൻ നമ്പറുകൾ തുറക്കണം - യുജിസി പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു.

വിദ്യാർത്ഥികളോ, അധ്യാപകരോ, രക്ഷിതാക്കളോ പരിഭ്രാന്തരാകരുതെന്നും, ഭയമല്ല ജാഗ്രതയോടെ കൊവിഡ് 19 ബാധയെ നേരിടാമെന്നും യുജിസി വാർത്താക്കുറിപ്പിൽ പറയുന്നു.

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷകളെല്ലാം മാറ്റി വയ്ക്കണമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും പാർട്ടികളും കോളേജ് മാനേജ്മെന്‍റുകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതനുസരിച്ച് കാലിക്കറ്റ് പോലുള്ള സർവകലാശാലകൾ മൂല്യനിർണയ ക്യാമ്പുകൾ മാത്രമേ മാറ്റിയിരുന്നുള്ളൂ. പരീക്ഷകൾ എല്ലാ മുൻകരുതലുകളോടെയും നടക്കട്ടെ എന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. ഇതിനെതിരെ രാവിലെ കെഎസ്‍യു പ്രതിഷേധം നടത്തിയിരുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനസർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം