
ചെന്നൈ: ചെന്നൈയിൽ കോയമ്പേടിന് പുറമേ തിരുവാണ്‍മിയൂര്‍ ചന്തയിലും രോഗബാധിതർ ഇരട്ടിക്കുന്നു. ചന്തയിൽ വന്ന് പോയ മുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പേട് രോഗബാധിതർ രണ്ടായിരം കടന്നു. ഇതിനിടയിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി.
തിരുവാണ്‍മിയൂരിലെ ചില്ലറ വിൽപ്പനക്കാർക്ക് ഉൾപ്പടെയാണ് കൊവിഡ്. വിവിധ തെരുവുകളിൽ കച്ചവടം നടത്തുന്നവരാണ് ഇവരെല്ലാം. കോയമ്പേട് അടച്ചതോടെ കൂടുതൽ പേരും ആശ്രയിച്ചിരുന്ന ചന്തയായിരുന്നു ഇത്. ഒരാഴ്ച മുമ്പ് വരെ ആയിരക്കണക്കിന് പേർ തടിച്ചുകൂടിയിരുന്ന ഇവിടമാണ് പുതിയ ക്ലസ്റ്റർ. ചന്തയിൽ വന്ന് പച്ചക്കറി വാങ്ങി മടങ്ങിയ 43 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കോയമ്പേട് ചന്തയിൽ നിന്ന് എത്തിയ കൂടുതൽ പേർക്ക് ആന്ധ്ര പ്രദേശിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിറ്റൂരിലും നെല്ലൂരിലുമായി 35 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ആന്ധ്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു
കോയമ്പേട് ചന്തയിൽ അഞ്ച് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം കേസുകൾ. കേരളം, പൊള്ളാച്ചി, മേട്ടുപ്പാളയം എന്നിവടങ്ങളിലേക്ക് മടങ്ങിയ ലോറി ഡ്രൈവർമാരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. രോഗബാധിതർ ഇരട്ടിക്കുമ്പോഴും, തമിഴകത്ത് ലോക്ക് ഡൗൺ നിയന്ത്രങ്ങളിൽ കാര്യമായ ഇളവ് നൽകിയതോടെ വാഹനങ്ങൾ നിരത്തുകളിൽ നിറഞ്ഞു. ചെറിയ കടകൾ എല്ലാം തുറന്നു. ചന്തകളിൽ തിരക്ക് കൂടി. സ്വകാര്യ കമ്പനികൾ പ്രവർത്തനം പുനരാരംഭിച്ചു. പലയിടങ്ങളിലും സാമൂഹിക അകലം പാലിക്കാതെയാണ് ജനം ഒത്തുകൂടിയത്. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള പാസുകൾ നൽകുന്നതും തമിഴ്നാട് കുറച്ചു.