
ബെംഗളൂരു: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കർണാടക കൂടുതൽ കർശന നടപടികളിലേക്ക്. ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് കർണാടക സർക്കാർ ഇന്ന് അർധരാത്രി വരെ സമയം നൽകി. നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ എത്തണം. നാളെ മുതൽ നഗര അതിർത്തികൾ തുറക്കില്ലെന്നു മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചു.
കാസർകോട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്കാണ് ഇന്ന് കർണാടകത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ മറികടന്ന് തെരുവിലിറങ്ങിയവരെ പൊലീസ് അടിച്ചോടിച്ചു. നാളത്തെ ഉഗാദി ഉത്സവത്തിനായി മിക്ക ജില്ലകളിലും മാർക്കറ്റുകളുൾപ്പെടെ തുറന്നതോടെയാണ് ആളുകൾ കൂട്ടമായെത്തിയത്. ആഘോഷിക്കാനുളള സമയമല്ലെന്നും സർക്കാർ നിർദേശം പാലിച്ച് വീട്ടിലിരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കൊറോണ ജാഗ്രതയുടെ ഭാഗമായി കേരളത്തിൽ നിന്നുളള വാഹനങ്ങളെ തമിഴ്നാടും കർണാടകവും കർശനമായി നിയന്ത്രിക്കുന്നുണ്ട്. വാളയാറും അമരവിളയും ഉൾപ്പെടെയുളള അതിർത്തി ചെക്പോസ്റ്റുകൾ ഇന്ന് രാത്രിയോടെ അടച്ചിടാനാണ് തമിഴ്നാടിന്റെ നീക്കമെന്ന് സൂചനയുണ്ട്. അതേസമയം ചെക്പോസ്റ്റ് അടച്ചിടുന്നതിനെക്കുറിച്ച് തമിഴ്നാട് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam