ട്രെയിൻ സർവീസ് തുടങ്ങുമെന്ന വ്യാജ വാ‍‍ർത്ത പ്രചരിപ്പിച്ച റിപ്പോർട്ടർക്കെതിരെ കേസ്, മഹാരാഷ്ട്രയിൽ മരണം 178 ആയി

By Web TeamFirst Published Apr 15, 2020, 11:49 AM IST
Highlights
ട്രെയിനില്ലെന്നറിഞ്ഞതോടെ പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസ് ലാത്തി വീശിയോടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
മുംബൈ: മുംബൈയിലെ ബാന്ദ്ര റെയിൽ വേ സ്റ്റേഷന് മുന്നിൽ അതിഥി തൊഴിലാളികൾ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട്,  ട്രെയിൻ സർവീസ് തുടങ്ങുമെന്ന അഭ്യൂഹം പ്രചരിപ്പിച്ച മറാത്തി ചാനൽ റിപ്പോർട്ടർക്കെതിരെ കേസെടുത്തു. ജനശദാബ്ദി ട്രെയിനുകൾ സ‍ർവീസ് തുടങ്ങാൻ പോവുകയാണെന്ന് ചാനലിൽ വാർത്ത വന്നതിന് പിന്നാലെയാണ് റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത്. ട്രെയിനില്ലെന്നറിഞ്ഞതോടെ പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസ് ലാത്തി വീശിയോടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനമുണ്ടാക്കിയതിന് വിനയ് ദുബെ  എന്നൊരാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ എൻസിപി അനുഭാവിയാണ്. 

അതേ സമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 2690 ആയി. 178 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. പൂനെയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ധാരാവിയിൽ ഇന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ധാരാവിയെക്കാൾ മോശമാണ് ഗോവണ്ടിയിലെയും മാൻകുർദ്ദിലെയും ചേരികൾ. ഇതുവരെ 100 ലേറെ പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ റൂബിഹാൾ ആശുപത്രിയിലാണ് മലയാളി നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മലയാളി നഴ്സുമാർക്ക് ഇതേ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിലൊരാളുടെ ഭർത്താവിനും പോസിറ്റീവായിട്ടുണ്ട്.
click me!