പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് ഏപ്രിൽ 20 വരെ കർശനനിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ്. അതിന് ശേഷം എന്ത് സംഭവിക്കും?
ദില്ലി: മെയ് 3 വരെയുള്ള ലോക്ക് ഡൗൺ കാലയളവ് രണ്ടായി തിരിച്ച് കേന്ദ്രസർക്കാർ. ഏപ്രിൽ 20 വരെ കർശനമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ രാജ്യമെമ്പാടും പാലിച്ചേ മതിയാകൂ. ഏപ്രിൽ 20-ന് ശേഷം ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്, ഹോട്ട്സ്പോട്ടുകളല്ലാത്ത ഇടങ്ങളിൽ ചെറിയ ഇളവുകൾ നൽകാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പക്ഷേ, ഒരു കാരണവശാലും പൊതുഗതാഗതമോ, അന്തർവാഹനസർവീസുകളോ അനുവദിക്കാൻ പാടില്ല. അത്യാവശ്യ മെഡിക്കൽ ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ പാടില്ല. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേർ യാത്ര ചെയ്യാനും പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കാറുകളിൽ രണ്ട് പേരെ പാടുള്ളൂ. ഇളവുകൾ സംബന്ധിച്ച് 15 പേജോളം വരുന്ന മാർഗനിർദേശങ്ങളാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരു കാരണവശാലും തുറക്കില്ല. ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു.
ലോക്ക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ ഏപ്രിൽ 20-ന് ശേഷം ചെറിയ ഇളവുകൾ, ഹോട്ട് സ്പോട്ടുകളല്ലാത്ത ഇടങ്ങളിൽ നൽകാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങളാണ് നിലവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിടുന്നത്. ഇതിൽ പറയുന്ന ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രം, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഇളവുകൾ നൽകാം. പക്ഷേ, കർശനമായ ജാഗ്രതാ നിർദേശങ്ങൾ പാലിച്ച് മാത്രമേ ഇളവുകൾ നൽകാവൂ.
ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നതിൽ പലതും കർഷകർക്കും, ഗ്രാമീണ മേഖലയിലെ ചെറുകിട വ്യവസായങ്ങൾക്കുമാണ്. നിർമാണമേഖലയ്ക്കും ഇളവുകളുണ്ട്. ഗ്രാമീണമേഖലയിലെ റോഡ്, പാലം നിർമാണം, വർക്ക് സൈറ്റിൽ തൊഴിലാളികൾ തങ്ങുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും ഇളവുകൾ നൽകാം. തൊഴിലുറപ്പ് പദ്ധതി (MNREGA) കർശനനിയന്ത്രണങ്ങൾ പാലിച്ച് തുടങ്ങാം. എന്നാൽ ഐടി കമ്പനികൾക്ക് 50 ശതമാനം ജീവനക്കാരെ ഓഫീസിലെത്തിച്ച് പ്രവർത്തിക്കാമെന്നും ഇളവുകൾ അനുവദിക്കാവുന്ന പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നു. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്കുകൾ നിർബന്ധമാണ്. പൊതുസ്ഥലത്ത് തുപ്പുന്നത് കേസെടുക്കാവുന്ന കുറ്റമാണ്. അതേസമയം, മദ്യവിൽപനയ്ക്ക് കർശനനിയന്ത്രണമുണ്ടാകും.
ഏപ്രിൽ 20-ന് ശേഷം നൽകാവുന്ന ഇളവുകൾ ഏതൊക്കെ? വിശദമായി പരിശോധിക്കാം:
1. ആയുഷ് ആശുപത്രികൾക്ക് പ്രവർത്തിക്കാം
2. കൃഷി, അനുബന്ധപ്രവർത്തനങ്ങൾ എല്ലാം അനുവദിക്കാം
3. സംഭരണത്തിന് വേണ്ട മണ്ഡികൾ- അഥവാ സംഭരണകേന്ദ്രങ്ങളെല്ലാം തുറക്കാം.
4. ചെറുകിട ചന്തകളിലൂടെ, കൃത്യമായ നിയന്ത്രണങ്ങളിലൂടെ സാധനങ്ങൾ വിറ്റഴിക്കാനുള്ള സൗകര്യങ്ങളൊരുക്കണം
5. ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, മൃഗാശുപത്രികൾ
6. മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് പ്രവർത്തിക്കാം. വിൽപനയും മാർക്കറ്റിംഗും അനുവദിക്കും.
7. തേയില, കാപ്പി, കശുവണ്ടി, റബ്ബർ പ്ലാന്‍റേഷനുകളിൽ 50 ശതമാനം ജോലിക്കാരുമായി പ്രവർത്തിക്കാം.
10. ഇപിഎഫ്ഒ കേന്ദ്രങ്ങൾക്ക് പെൻഷനുകൾ കൊടുക്കാൻ തുറക്കാം.
11. അങ്കണവാടികളുടെ പ്രവർത്തനങ്ങൾ തുടങ്ങാം. പക്ഷേ കുട്ടികളെ കൊണ്ടുവരരുത്. കുട്ടികളുടെ വീട്ടിലേക്ക് ഭക്ഷണവസ്തുക്കളും മറ്റ് പോഷകവസ്തുക്കളും പതിനഞ്ച് ദിവസത്തിലൊരിക്കൽ എത്തിച്ച് നൽകണം.
12. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികൾ തുടങ്ങാം. പക്ഷേ, ആളുകൾ തമ്മിലുള്ള സാമൂഹ്യാകലം പാലിക്കണം.
13. മൻരേഗയിൽ ജലസേചനത്തിന് വേണ്ടിയുള്ള പണികൾക്ക് പ്രോത്സാഹനം നൽകണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam