കൊവിഡില്‍ വിറച്ച് തെലങ്കാനയും; ഇന്ന് സ്ഥിരീകരിച്ചത് 10 കേസുകള്‍

By Web TeamFirst Published Mar 27, 2020, 6:23 PM IST
Highlights

20,000 പേരാണ് ആശുപത്രികളിലും വീടുകളിലുമായി തെലങ്കാനയില്‍ നിരീക്ഷണത്തിലുള്ളത്. ഈ അവസ്ഥ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ക്കൊന്നും വരില്ലെന്ന ചിന്ത മാറ്റിവയ്ക്കണമെന്നും കെസിആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
 

ഹൈദരാബാദ്: തെലങ്കാനയിലും ഭീതി വിതച്ച് കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ തെലങ്കാനയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 59 ആയി. 20,000 പേരാണ് ആശുപത്രികളിലും വീടുകളിലുമായി തെലങ്കാനയില്‍ നിരീക്ഷണത്തിലുള്ളത്.

ഈ അവസ്ഥ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ക്കൊന്നും വരില്ലെന്ന ചിന്ത മാറ്റിവയ്ക്കണമെന്നും കെസിആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി വഷളായതോടെ പ്രധാനമന്ത്രിയുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു.

അതേസമയം, കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് തുടരാനാണ് തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം. 21 ദിവസമാണ് നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതി അനുസരിച്ച് ഇത് വീണ്ടും തുടര്‍ന്നേക്കുമെന്ന സൂചനയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നല്‍കിയിരിക്കുന്നത്.

കൊവിഡ് 19നെ നേരിടാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐസ്വലേഷന്‍ വാര്‍ഡിനായി 11,000 കിടക്കകള്‍ തയാറാക്കിയിട്ടുണ്ട്. 500 വെന്റിലേറ്ററുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വിരമിച്ച ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടുകയാണെന്നും ഇവരെയും കൊവിഡ് 19നെ നേരിടുന്ന ദൗത്യത്തില്‍ ഉപയോഗിക്കുമെന്നും കെസിആര്‍ വ്യക്തമാക്കി.
 

click me!