Covid 19 India : കൊവിഡ് കേസുകൾ കുത്തനെ കൂടുന്നു; മൂന്നാം തരംഗത്തിന്‍റെ പിടിയിൽ രാജ്യം

By Web TeamFirst Published Jan 17, 2022, 10:07 AM IST
Highlights

ഇത് വരെ 3.73 കോടി കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലുമായി 8,209 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതും ഇതിൽ ഉൾപ്പെടുന്നു

ദില്ലി: രാജ്യത്ത് 12നും പതിനാലിനും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ മാർച്ചിൽ തുടങ്ങുമെന്ന് കേന്ദ്രം. 18 വയസിന് മുകളിലുള്ള 70 ശതമാനം പേർക്ക് രണ്ടു ‍ഡോസ് വാക്സീൻ നൽകിയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് കണക്ക്. ഇന്ന് രാജ്യത്ത് 2,58,089 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 19.65 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 385 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. 

ഇത് വരെ 3.73 കോടി കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലുമായി 8,209 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതും ഇതിൽ ഉൾപ്പെടുന്നു. 16,56,341 പേരാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 4.43 ശതമാനാണ് ഇത്. രോഗമുക്തി നിരക്ക് 94.27 ശതമാനത്തിലേക്ക് താണിട്ടുമുണ്ട്. 486451 മരണമാണ് രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ചത്. 

മഹാരാഷ്ട്രയിലാണ് സ്ഥിതി എറ്റവും മോശം. സംസ്ഥാനത്ത് 41,327 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 29 മരണവും സ്ഥിരീകരിച്ചു. എട്ട് പുതിയ ഒമിക്രോൺ കേസുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് 19 ഒമിക്രോൺ വകഭേദം ഇത് വരെ  1,738 പേരിലാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. 

ദില്ലിയിലും കേസുകൾ കൂടുകയാണ്. 18,286 പുതിയ കേസുകൾ സ്ഥിരീകരിച്ചു, 29 മരണവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനത്തിൽ നിന്ന് 27.87 ശതമാനത്തിലേക്ക് താണിട്ടുണ്ട്. 

കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം അനുസരിച്ച് ലക്ഷണമില്ലാത്തവർ ഇപ്പോൾ ടെസ്റ്റ് ചെയ്യേണ്ടതില്ല. കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ മറ്റ് അസുഖങ്ങളും ലക്ഷണവുമില്ലെങ്കിൽ പരിശോധിക്കേണ്ടതില്ലെന്നാണ് നിർദ്ദേശം. 

click me!