Latest Videos

'ഒരു രൂപ പോലും നഷ്ടമില്ല', ചൈനീസ് കിറ്റുകളുടെ വെട്ടിപ്പ് പുറത്ത്, പിന്നാലെ കരാർ റദ്ദാക്കി കേന്ദ്രം

By Web TeamFirst Published Apr 27, 2020, 6:43 PM IST
Highlights

ചൈനയിൽ നിന്ന് വാങ്ങിയ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ വില ദില്ലി ഹൈക്കോടതി  പരിശോധിച്ച് ഇതിനെതിരെ പുറത്തിറക്കിയ ഉത്തരവിലൂടെയാണ് വിലയിലെ തീവെട്ടിക്കൊള്ള പുറത്തായത്. 245 രൂപയ്ക്ക് വിതരണക്കാർ വാങ്ങിയ കിറ്റ് 600 രൂപയുടെ കൊള്ളവിലയ്ക്കാണ് ഇന്ത്യക്ക് വിറ്റത്.

ദില്ലി: രണ്ട് ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങിയ ദ്രുതപരിശോധനാകിറ്റുകളുടെ വില തട്ടിപ്പും, ഗുണനിലവാരമില്ലായ്മയും പുറത്തുവന്നതിന് പിന്നാലെ ഈ കരാർ റദ്ദാക്കി കേന്ദ്രസർക്കാർ. 245 രൂപയ്ക്ക് വിതരണക്കാർ വാങ്ങിയ കിറ്റ് 600 രൂപയുടെ കൊള്ളവിലയ്ക്കാണ് ഇന്ത്യക്ക് വിറ്റത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നൽകിയ കിറ്റുകൾ വ്യാപകമായി തെറ്റായി ഫലങ്ങൾ കാണിക്കുകയും ചെയ്തതോടെയാണ് ഐസിഎംആർ ഉടനടി കരാർ റദ്ദാക്കിയത്. ഇടപാടിൽ ഒരു രൂപയുടെ നഷ്ടം പോലുമുണ്ടായിട്ടില്ലെന്നും, ഒരു രൂപ പോലും ഇടപാടിന് നൽകിയിട്ടില്ലെന്നുമാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്.

കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും തമ്മിൽ കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ഭിന്നതകൾ നിലനിന്നിരുന്നു എന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് കരാർ റദ്ദാക്കുന്നതായി ഐസിഎംആർ അറിയിക്കുന്നത്. 

ദില്ലി ഹൈക്കോടതി ഉത്തരവിലൂടെയാണ് കിറ്റുകളുടെ വില സംബന്ധിച്ചുള്ള തീവെട്ടിക്കൊള്ള പുറത്തുവരുന്നത്. ശരിയായ വിലയുടെ ഇരട്ടിവില നൽകിയാണ് ഒരു ഗുണനിലവാരവുമില്ലാത്ത റാപ്പിഡ് പരിശോധനാ കിറ്റുകൾ ഇന്ത്യ വാങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. ഈ കിറ്റുകളുടെ നിർമാതാക്കൾ രണ്ട് ചൈനീസ് കമ്പനികളാണ്: ഒന്ന് ഗ്വാങ്സോ വുൺഫോ ബയോടെക്, രണ്ടാമത്തേത് സുഹായ് ലിവ്സോൺ ഡയഗ്നോസ്റ്റിക്സ്. ഇത് രണ്ടും ഗുണനിലവാരമില്ലാത്തതാണെന്നും, തെറ്റായ ഫലങ്ങളാണ് പുറത്തുവിടുന്നതുമെന്നും കണ്ടെത്തിയതായാണ് ഐസിഎംആറിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നത്.

''കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് ഈ കിറ്റുകൾ വാങ്ങിയത്. മുഴുവൻ തുകയും അഡ്വാൻസായി നൽകാറില്ല. കിറ്റുകൾ ഇവിടെയെത്തിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ തുക കൈമാറാറുള്ളൂ. അതിനാൽത്തന്നെ സർക്കാരിന് ഒരു രൂപ പോലും നഷ്ടമായിട്ടില്ല'', എന്നാണ് ഐസിഎംആറിന്‍റെ വിശദീകരണം.

നേരത്തേ തന്നെ വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് ഈ ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന നിർത്തിവയ്ക്കാൻ ഐസിഎംആർ സംസ്ഥാനങ്ങൾക്ക് നി‍ർദേശം നൽകിയിരുന്നു. 

വുൺഫോ ബയോടെക്കിൽ നിന്ന് മാർച്ച് 27-ന് അഞ്ച് ലക്ഷം കിറ്റുകളാണ് കേന്ദ്രസർക്കാർ ഓർഡർ ചെയ്തത്. ഐസിഎംആർ വഴിയായിരുന്നു ഓർഡർ നൽകിയത്. ഐസിഎംആറും ആർക് ഫാർമസ്യൂട്ടിക്കൽസും ചേർന്നാണ് വാങ്ങാനുള്ള ഓർഡർ ഒപ്പുവച്ചത്.

മട്രിക്സ് എന്ന കയറ്റുമതി കമ്പനി വഴിയാണ് ഈ കിറ്റുകൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. 245 രൂപ വിലയുള്ള കിറ്റുകളായിരുന്നു ഓരോന്നും എന്നത് ദില്ലി ഹൈക്കോടതി വിശദീകരണം തേടിയപ്പോഴാണ് വ്യക്തമാകുന്നത്. 245 രൂപ വിലയുള്ള കിറ്റുകൾ 600 രൂപയ്ക്കാണ് ഇന്ത്യ വാങ്ങിയത്. ഒരു കിറ്റിൽ 60 ശതമാനത്തിന്‍റെ വർദ്ധന.

ഈ വിലയെച്ചൊല്ലിയുള്ള വിവാദം ഹൈക്കോടതിയിലെത്തി. കോടതി വിശദമായി പരിശോധിച്ചപ്പോൾ തീവെട്ടിക്കൊള്ള വ്യക്തമായി. ഇതോടെ, ഈ കിറ്റുകളുടെ വിലയുടെ പരിധി 400 രൂപയായി ദില്ലി ഹൈക്കോടതി നിശ്ചയിക്കുകയും ചെയ്തു.

Read more at: ദ്രുത പരിശോധനാ കിറ്റ് വിവാദം: അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പരിശോധനകൾ വേണ്ടെന്ന് ഐസിഎംആർ

click me!