ദില്ലി: ദ്രുത ആന്‍റി ബോഡി പരിശോധനാ കിറ്റുകളെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇത്തരം പരിശോധനകൾ നിര്‍ത്തിവെക്കണമെന്ന് ഐ സി എം ആര്‍.  രണ്ട് ദിവസത്തേക്ക് പരിശോധന നിര്‍ത്തിവെക്കാനായിരുന്നു നേരത്തെയുളള നിര്‍ദ്ദേശം. എന്നാൽ കിറ്റുകളെ കുറിച്ചുള്ള പരിശോധന റിപ്പോര്‍ട്ട് ഇതുവരെ തയ്യാറാക്കാനായിട്ടില്ല. ദ്രുത പരിശോധനയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നതിന് ശേഷമേ  ഇത്തരം പരിശോധന തുടരണോ വേണ്ടയോ എന്ന് തീരുമാനം എടുക്കുകയുള്ളുവെന്ന് ഐ സി എം ആര്‍ അറിയിച്ചു. 

ഐ സി എം ആറിന്‍റെ എട്ട് സംഘമാണ് വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നത്. ദ്രുത ആന്‍റി ബോഡി കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ കൃത്യമായ ഫലം കിട്ടുന്നില്ല എന്ന് നിരവധി സംസ്ഥാനങ്ങൾ പരാതിപ്പെട്ടിരുന്നു. ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയ കിറ്റുകൾക്കെതിരെയായിരുന്നു പരാതി.

ദ്രുത പരിശോധന കിറ്റുകളുടെ തകരാറിന് പുറമെ വിലയെ ചൊല്ലിയും ഐ സി എം ആര്‍ പ്രതികൂട്ടിലായിരുന്നു. ദ്രുത പരിശോധന കിറ്റുകൾ കൂടിയ വിലക്ക് വാങ്ങാനുള്ള ഐ സി എം ആറിന്‍റെ തീരുമാനം ഇന്നലെ ദില്ലി ഹൈക്കോടതി ഉത്തരവോടെ പുറത്താകുകയായിരുന്നു. ദ്രുത പരിശോധന കിറ്റുകൾക്ക് ഐ സി എം ആര്‍ നിശ്ചയിച്ച വില മൂന്നിലൊന്നായാണ് ഹൈക്കോടതി കുറച്ചത്.

245 രൂപക്ക് ചൈനയിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ദ്രുത ആന്‍റി ബോഡി കിറ്റുകൾ 600 രൂപക്ക് വാങ്ങാനാണ് ഐ സി എം ആര്‍ കരാര്‍ നൽകിയത്. 5 ലക്ഷം കിറ്റുകൾക്ക് 600 രൂപവെച്ച് 30 കോടി രൂപ വില നിശ്ചയിച്ചു. അതായത് ചൈനയിൽ നിന്ന് വിമാന ചാര്‍ജ് ഉൾപ്പടെ 12 കോടി 25 ലക്ഷം രൂപക്ക് ഇറക്കുമതി ചെയ്യുന്ന കിറ്റുകൾ ഐ.സി.എം.ആറിന് കൈമാറുമ്പോൾ ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കമ്പനിക്ക് ലാഭം 17 കോടി 75 ലക്ഷം രൂപ. ഇത് കണ്ടെത്തിയതോടെയാണ് 245 രൂപയുടെ കിറ്റുകൾ 600 രൂപക്ക് ഇന്ത്യയിൽ വിൽക്കാൻ സമ്മതിക്കില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

Read Also: കേടായ ചൈനീസ് ദ്രുതപരിശോധന കിറ്റുകൾക്ക് കൂടിയ വില; ഐസിഎംആർ പ്രതിക്കൂട്ടിൽ...