
ദില്ലി: രാജ്യത്ത് കൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദില്ലിയിൽ 23 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 72 ആയി.
നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബിഹാറിൽ കൊവിഡ് ബാധിതർ 15 ആയി. കൊൽക്കത്തയിൽ കേണൽ റാങ്കിലുള്ള ഡോക്ടർക്കും ഡറാഡൂണിൾ ഒരു ജിസിഒക്കും രോഗം സ്ഥിരീകരിച്ചതായി കരസേനാ അറിയിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് അവർ ഇപ്പോഴുള്ള സംസ്ഥാനങ്ങളിൽ ഭക്ഷണവും താമസവും ഒരുക്കണം എന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. അവശ്യ സർവിസ്, ചരക്ക്, ഇന്ധന നീക്കം സുഗമം ആക്കാൻ നടപടി സ്വീകരിച്ചു. അവശ്യ സർവീസ് പട്ടികയിൽ റെഡ് ക്രോസ് സൊസൈറ്റിയെ ഉൾപ്പെടുത്തി.
കൊവിഡ് കേസുകൾ ആയിരം പിന്നിടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായാൽ ആശുപത്രികൾ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ട്രെയിനിലെ എസിയല്ലാത്ത കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കാൻ തെരഞ്ഞെടുത്തത്. രോഗി കിടക്കുന്ന വശത്തെ മിഡിൽ ബെർത്ത് ഒഴിവാക്കി. എതിർവശത്തെ എല്ലാ ബെർത്തുകളും നീക്കിയാണ് വാർഡ് ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിക്കാനായി പ്രത്യേക വൈദ്യുതി സംവിധാനവും കുപ്പികൾ വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശുചിമുറിയും പരിഷ്കരിച്ചു. എല്ലാ കോച്ചിലും നഴ്സുമാർക്കായി ഒരു കാബിനും സജ്ജമാക്കിയിട്ടുണ്ട്. ഒരു കോച്ചിൽ 10 രോഗികളെയാണ് താമസിപ്പിക്കാൻ കഴിയുക.
അസമിലെ കാമാക്യ റെയിൽവെ സ്റ്റേഷനിലാണ് ആദ്യ മാതൃക ഒരുങ്ങിയത്. ആവശ്യമായ മാറ്റങ്ങൾ രൂപകൽപ്പനയിൽ വരുത്തും. ശേഷം റെയിൽവേയുടെ 17 സോണുകളും ആഴ്ചയിൽ 10 എണ്ണം എന്ന നിലക്ക് കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റും. രാജ്യമെമ്പാടും ഈ വാർഡുകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനം. വികസിത രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങൾ പോലും കൊവിഡ് വ്യാപനത്തിൽ തകർന്നടിയുന്നതാണ് ലോകം കണ്ടത്. ആസ്ഥിതി വരാതിരിക്കാനാണ് ഈ നൂതന ആശയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam