
ചെന്നൈ: ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ശ്രമകരമെന്ന് തമിഴ്‍നാട് സര്‍ക്കാര്‍. സമ്പര്‍ക്ക പട്ടികയ്ക്കായി ദില്ലി സര്‍ക്കാരിന്‍റെ സഹായം തേടിയിരിക്കുകയാണ് തമിഴ്‍നാട് ആരോഗ്യവകുപ്പ്. ഇയാള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ വിദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്‍തിട്ടില്ല. അതുകൊണ്ട് തന്നെ ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പിടികൂടിയതെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് വ്യക്തതയില്ല. യുപിയിലും ദില്ലിയിലും ഇയാള്‍ യാത്ര ചെയ്ത രാജധാനി എക്സ്പ്രസില്‍ സഞ്ചരിച്ച മറ്റ് യാത്രക്കാരെ കണ്ടെത്തുക തുടങ്ങിയ ശ്രമകര നടപടികളിലേക്കായിരിക്കും സര്‍ക്കാര്‍ കടക്കുക. രാജധാനി എക്സ്പ്രസിലെ പട്ടിക തയ്യാറാക്കും. തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷിന്‍റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
അതേസമയം കേരളം ഉൾപ്പടെ കൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാട്ടിൽ നിരീക്ഷണം കർശന മാക്കിയിരിക്കുകയാണ്. പ്രത്യേക പരിശോധനയ്ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ദൗത്യസംഘത്തെ നിയമിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു. ട്രെയിനുകളിലും ബസുകളിലുമായി എത്തുന്ന സംസ്ഥാനാന്തര യാത്രക്കാരെ തെർമ്മൽ ടെസ്റ്റിങ്ങ് നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുന്ന മൂന്ന് ഗെയ്റ്റുകളിലും വൈദ്യസംഘത്തെ നിയോഗിച്ചു.
കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പടെയുള്ള കൊവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് തമിഴ്നാട് സർക്കാർ നിർദേശം. കേരള-തമിഴ്നാട് അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ കെഎസ്ആർടിസി ഉൾപ്പടെ അണമുക്തമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. മാളുകൾ, തീയേറ്ററുകൾ, ബാറുകൾ എന്നിവയെല്ലാം തമിഴ്‌നാട്ടിൽ അടച്ചു. ജനങ്ങൾ ഏറെയെത്തുന്ന ചന്തകളും പ്രവർത്തിക്കുന്നില്ല. പുതുച്ചേരിയിലും സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തി. മഹാബലിപ്പുരം ഉൾപ്പടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകര്‍ക്ക് വിലക്കാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam