കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ബിജെപിയിലേക്ക്, മണിപ്പൂര്‍ വനംമന്ത്രിയോട് നിയമസഭയില്‍ കയറരുതെന്ന് സുപ്രീംകോടതി

By Web TeamFirst Published Mar 19, 2020, 2:21 PM IST
Highlights

ശ്യാംകുമാറിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നെന്നും മാര്‍ച്ച് 30ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നുമാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 

ദില്ലി: കോണ്‍ഗ്രസ് സീറ്റില്‍ ജയിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്ന മണിപ്പൂര്‍ വനംമന്ത്രിയും എംഎല്‍എയുമായ ടി ശ്യാംകുമാറിന് എതിരെ കര്‍ശന നടപടികളുമായി സുപ്രീം കോടതി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശ്യാംകുമാര്‍ പിന്നീട് ബിജെപിയിലേക്ക് ചേരുകയായിരുന്നു. ബിജെപി ശ്യാംകുമാറിന് മന്ത്രി സ്ഥാനം നല്‍കുകയായിരുന്നു. ശ്യാംകുമാറിന്‍റെ മന്ത്രി സ്ഥാനം നീക്കിയോ കോടതി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം നല്‍കി. 

ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്നുള്ള കോണ്‍ഗ്രസിന്‍റെ ആവശ്യം പരിഗണിക്കാതിരുന്ന സ്പീക്കറിനെയും കോടതി വിമര്‍ശിച്ചു. നിരവധി തവണ ഇക്കാര്യം സ്പീക്കറോട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടും തീരുമാനമാകാതെ വന്നതോടെയാണ് കോടതി ഇടപെട്ടത്. ശ്യാംകുമാറിനെ മന്ത്രിസ്ഥാനത്ത് നിന്നും താല്‍ക്കാലികമായി നീക്കുന്നെന്നും മാര്‍ച്ച് 30ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നുമാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഭരണ ഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള സവിശേഷാധികാരമുപയോഗിച്ചാണ് നടപടി.

മണിപ്പൂരിലെ 13 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന പരാതിയില്‍ 2017 മുതല്‍ സ്പീക്കര്‍ തീരുമാനമൊന്നുമെടുക്കാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നാലാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ജനവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തീരുമാനമെടുക്കാന്‍ മാര്‍ച്ച് 28 വരെ സമയം നല്‍കണമെന്നായിരുന്നു സ്പീക്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനെ മറികടന്നാണ് സുപ്രീംകോടതിയുടെ നടപടി.

click me!