പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

By Web TeamFirst Published Sep 13, 2020, 6:29 AM IST
Highlights

ചൈന അതിര്‍ത്തിയിലെ സാഹചര്യം, കൊവിഡ് പ്രതിരോധം, സാമ്പത്തിക രംഗത്തെ തിരിച്ചടി തുടങ്ങിയ വിഷയങ്ങൾ പാര്‍ലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. 

ദില്ലി: പാര്‍ലമെന്‍റിന്‍റെ സമ്മേളനത്തിന് നാളെ തുടക്കം. കൊവിഡ് ഭീഷണിക്കിടെ 18 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക. സമ്മേളനത്തിന് മുന്നോടിയായ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ ദില്ലിയിൽ ചേരും.

 ചൈന അതിര്‍ത്തിയിലെ സാഹചര്യം, കൊവിഡ് പ്രതിരോധം, സാമ്പത്തിക രംഗത്തെ തിരിച്ചടി തുടങ്ങിയ വിഷയങ്ങൾ പാര്‍ലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് വിഷയവും പാര്‍ലമെന്‍റിൽ ബഹളത്തിന് ഇടയാക്കാനാണ് സാധ്യത.

അതേ സമയം പാർലമെന്‍റ് സമ്മേളനത്തിന്റെ തുടക്കത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കില്ല. സോണിയ ഗാന്ധി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. രാഹുൽ ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ടെന്ന് എഐസിസി വ്യക്തമാക്കി.

നേരത്തെ പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നാണ് സർക്കാരിന്റെ വാദം. 

എന്നാൽ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷ അംഗങ്ങൾക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസ് മഹാമാരിയെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

click me!